വീട്ടില്‍ ഏഴു കടുവകളെ വളര്‍ത്തിയ വയോധികന്‍ അറസ്റ്റില്‍; മാനസിക ആശ്വാസത്തിനുള്ള ജീവികളെന്ന് വയോധികന്‍

Update: 2025-04-09 14:31 GMT

നെവാദ(യുഎസ്): വീട്ടില്‍ ഏഴു കടുവകളെ വളര്‍ത്തിയ വയോധികന്‍ അറസ്റ്റില്‍. യുഎസിലെ നെവാദ സംസ്ഥാനത്തെ പാഹരമ്പിലെ കാള്‍ മിഷേല്‍ എന്ന 71കാരനാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇയാള്‍ വീട്ടില്‍ കടുവകളെ വളര്‍ത്തുന്നതായി പോലിസ് അറിയിച്ചു. എന്നാല്‍, പോലിസ് നടപടിയെ ചോദ്യം ചെയ്യുന്ന ഇയാളുടെ ജയിലില്‍ നിന്നുള്ള വീഡിയോ പുറത്തുവന്നു. പിടിഎസ്ഡി എന്ന മാനസിക പ്രശ്‌നം അനുഭവിക്കുന്ന തന്റെ ആശ്വാസ ജീവികളായിരുന്നു കടുവകളെന്ന് കാള്‍ അവകാശപ്പെട്ടു. മാനസിക ആശ്വാസത്തിന് പട്ടിക്കും പൂച്ചയ്ക്കും പകരമായാണ് താന്‍ കടുവകളെ വളര്‍ത്തിയതെന്ന് കാള്‍ പറഞ്ഞു. എന്നാല്‍, കടുവകളെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് പോലിസ് അറിയിച്ചു.


'' മരുഭൂമിയിലെ ഇയാളുടെ പറമ്പില്‍ കടുവകള്‍ നടക്കുന്നുവെന്ന് പലരും ഞങ്ങളെ വിളിച്ച് അറിയിച്ചിരുന്നു. കൂടാതെ കടുവകളും ഇയാളും കൂടിയിരിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടു. അതാണ് പരിശോധനക്ക് കാരണം.''- പോലിസ് ഉദ്യോഗസ്ഥനായ ജോ മക്ഗില്‍ പറഞ്ഞു. എന്നാല്‍, ആശ്വാസ ജീവികളെ വളര്‍ത്താന്‍ ലൈസന്‍സ് വേണ്ടെന്നാണ് കാള്‍ പറയുന്നത്. തന്റെ കടുവകളെ കൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍സ് വിത്ത് ഡിസബലിറ്റീസ് ആക്ട് കടുവകളെ വൈകാരിക പിന്തുണ ജീവികളായി അംഗീകരിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.

മൃഗ സംരക്ഷണ പ്രവര്‍ത്തകനായിരുന്ന കരോള്‍ ബാസ്‌കിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഓക്ക്‌ലഹോമയിലെ മൃഗശാല ഉടമ ജോ എക്‌സോട്ടിക്കില്‍ നിന്നാണ് കാളിന് കടുവകളെ ലഭിച്ചത്.


ജോ

കൊലക്കേസില്‍ ജോ ജയിലില്‍ ആയപ്പോള്‍ മൃഗശാലയില്‍ നിന്നും കടുവകളെ വീട്ടില്‍ കൊണ്ടുവരുകയായിരുന്നു. എന്തായാലും ആറായിരം ഡോളര്‍ ബോണ്ടിന് കാളിനെ ജാമ്യത്തില്‍ വിട്ടു. കേസ് ഇനി മെയ് 15ന് പരിഗണിക്കും. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പോലിസിനെതിരെ കാളിന്റെ ഭാര്യ കോടതിയെ സമീപിച്ചിട്ടുണ്ട്.