ഹിസ്ബുല്ലയെ പേടിച്ച് ബങ്കറില്‍ ഓഫിസുണ്ടാക്കി നെതന്യാഹു
കോടതിയില്‍ വേണ്ടത്ര സുരക്ഷയില്ലെന്നാണ് സുരക്ഷാ വിഭാഗം നെതന്യാഹുവിനെ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ ബങ്കറോ ബോംബ് ഷെല്‍ട്ടറോ ഇല്ല.
തെല്‍അവിവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് രഹസ്യ ബങ്കറിലിലേക്ക് മാറ്റി. സിസറിയ പ്രദേശത്തെ സ്വകാര്യവസതിക്കു നേരെ ഒക്ടോബറില്‍ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഓഫിസ് മാറ്റിയതെന്ന ഇസ്രായേലി മാധ്യമമായ ചാനല്‍ 12 റിപോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 19ന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിരുന്നു. ഇത്തവണ രക്ഷപ്പെട്ടെന്നു കരുതിയാല്‍ മതിയെന്നാണ് ഹിസ്ബുല്ല ഈ ആക്രമണത്തോട് പ്രതികരിച്ചത്.
സ്ഥിരമായി ഒരു ഓഫിസ് ഉപയോഗിക്കരുതെന്ന് നെതന്യാഹുവിന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയതായും ചാനല്‍ 12ലെ റിപോര്‍ട്ട് പറയുന്നു. എല്ലാവര്‍ക്കും അറിയാവുന്ന കെട്ടിടങ്ങളില്‍ താമസിക്കുകയോ ജോലി ചെയ്യുകയോ അരുത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ യോഗങ്ങള്‍ വരെ വിവിധ സ്ഥലങ്ങളിലാണ് മാറി മാറി നടത്തുന്നത്. കൂടാതെ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവക്കുകയും ചെയ്തു.
നെതന്യാഹുവിന് എതിരായ വിശ്വാസവഞ്ചന, കൈക്കൂലി കേസുകളിലെ വിചാരണ മാറ്റിവക്കാന്‍ അഭിഭാഷകര്‍ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയതായും ചാനല്‍ 12ലെ റിപോര്‍ട്ട് പറയുന്നു. മൂന്നു കേസുകളിലെ വിചാരണ അടുത്തമാസം അല്‍ ഖുദ്‌സ് ജില്ലാ കോടതിയില്‍ നടക്കാനിരിക്കെയാണ് തീരുമാനം. കോടതിയില്‍ വേണ്ടത്ര സുരക്ഷയില്ലെന്നാണ് സുരക്ഷാ വിഭാഗം നെതന്യാഹുവിനെ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ ബങ്കറോ ബോംബ് ഷെല്‍ട്ടറോ ഇല്ല.
ഗസയിലും ലെബനാനിലും അധിനിവേശം നടക്കുന്നതിനാല്‍ വാദങ്ങള്‍ നല്‍കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും നെതന്യാഹു കോടതിയെ അറിയിക്കും. ദീര്‍ഘനേരം കോടതി മുറിയില്‍ നിന്ന് വാദിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നും അറിയിക്കും. ഡിസംബര്‍ രണ്ടിനാണ് കോടതി കേസ് പരിഗണിക്കുക.
കേസിലെ വാദം കേള്‍ക്കല്‍ 2025 മാര്‍ച്ചിലേക്ക് മാറ്റണമെന്ന് നേരത്തെ നെതന്യാഹുവിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയത്. രണ്ട് വിശ്വാസവഞ്ചനാ കേസുകളും ഒരു കൈക്കൂലി കേസുമാണ് നിലവില്‍ നെതന്യാഹുവിന് എതിരെയുള്ളത്.
തൂഫാനുല്‍ അഖ്‌സക്ക് ശേഷം കടുത്ത സുരക്ഷാ പ്രതിസന്ധിയാണ് ഇസ്രായേല്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. വിവിധ മുന്നണികളില്‍ നിന്നുള്ള ആക്രമണം തുടരുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റിയിരിക്കുകയാണ്. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കാന്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തിയ ജൂത കുടിയേറ്റക്കാര്‍ പോലും ഇപ്പോള്‍ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോവുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

