''ഇസ്രായേല്‍ ഒറ്റപ്പെടുന്നു; ഓട്ടാര്‍ക്കി സമ്പദ് വ്യവസ്ഥ വേണ്ടി വരും''-ബെഞ്ചമിന്‍ നെതന്യാഹു
തെല്‍അവീവ്: ഇസ്രായേല്‍ ലോകരാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുകയാണെന്നും രാജ്യം ഓട്ടാര്‍ക്കി സമ്പദ് വ്യവസ്ഥയിലേക്ക് മാറേണ്ടി വരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതായത്, രാജ്യത്തിന്റെ ആഭ്യന്തര വിഭവങ്ങളെ മാത്രം ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയിലേക്ക് ചുരുങ്ങേണ്ടി വരുമെന്നാണ് അധിനിവേശ ജെറുസലേമില്‍ അക്കൗണ്ടന്റ് ജനറലുമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നെതന്യാഹു പറഞ്ഞത്. '' ഇസ്രായേലിന്റെ ആഗോള വ്യാപാരവും ആയുധ ഇറക്കുമതികളും തടസപ്പെടുകയാണ്. അതാണ് യഥാര്‍ത്ഥ നയതന്ത്ര വെല്ലുവിളി. യൂറോപ്പില്‍ എത്തിയ മുസ്‌ലിംകളുടെ പ്രതിഷേധം അവിടങ്ങളിലെ സര്‍ക്കാരുകളെ സ്വാധീനിക്കുന്നു. അവര്‍ ഇപ്പോള്‍ സയണിസത്തിന് എതിരാണ്. അതിനാല്‍, സ്വയം പര്യാപ്തതയില്‍ ഊന്നിയ സമ്പദ് വ്യവസ്ഥയില്‍ നാം കേന്ദ്രീകരിക്കേണ്ടി വരുകയാണ്. ഞാന്‍ തത്വത്തില്‍ അതിന് എതിരാണ്. ഫ്രീ മാര്‍ക്കറ്റ് സമ്പദ് വ്യവസ്ഥയാണ് എനിക്കിഷ്ടം. പക്ഷേ, നമ്മുടെ ആയുധ ഇറക്കുമതി തടസം നേരിടുകയാണ്. അതിനാല്‍ എല്ലാം രാജ്യത്ത് തന്നെ നിര്‍മിക്കേണ്ടി വരും. ഇത്രയും കാലം നമുക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതൊന്നും ഇനി പ്രവര്‍ത്തിക്കുകയില്ല.''-നെതന്യാഹു പറഞ്ഞു. ഡിജിറ്റല്‍ വിപ്ലവം ഇസ്രായേലിന് എതിരായ പ്രവര്‍ത്തിച്ചെന്നും നെതന്യാഹു വിലപിച്ചു. ചൈനയും ഖത്തറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വലിയ നിക്ഷേപം നടത്തുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ അവരുടേതായി. അത് നമ്മുടെ ഒറ്റപ്പെടലിന് വളംവച്ചു. അതിനെയും ഇനി നേരിടണം.''-നെതന്യാഹു പറഞ്ഞു.