ബെഞ്ചമിന്‍ നെതന്യാഹുവിനെ തല്ലി മകന്‍ നാടുവിട്ടെന്ന് നെസെറ്റ് അംഗം

Update: 2025-02-25 03:34 GMT

തെല്‍അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ തല്ലി മകന്‍ നാടുവിട്ടെന്ന് ഇസ്രായേലി നെസെറ്റിലെ പ്രതിപക്ഷ അംഗമായ നാമ ലാസിമി. നെതന്യാഹുവിന്റെ കുടുംബങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് പണം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട് നെസെറ്റ് ഫിനാന്‍സ് കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയിലാണ് നാമ ലാസിമി ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസിലെ മിയാമിയിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മക്കളില്‍ ഒരാളായ യേര്‍ നെതന്യാഹു കുറച്ചുകാലമായി താമസിക്കുന്നത്. ഇയാള്‍ പിതാവിനെ തല്ലി നാടുവിട്ടെന്നാണ് നാമ പറയുന്നത്.

''പ്രധാനമന്ത്രിയുടെ മകന്‍ പ്രധാനമന്ത്രിയെ തല്ലിയതിനാലും അധികാര ചിഹ്നത്തെ അപമാനിച്ചതിനാലും തുടര്‍ന്ന് ചെലവിന് കൊടുക്കേണ്ട കാര്യമുണ്ടോ?. പ്രധാനമന്ത്രിയുടെ ഭാര്യ സാറ നെതന്യാഹു രണ്ടുമാസം യുഎസില്‍ താമസിച്ചതിന്റെ ചെലവ് ആരാണ് വഹിച്ചിരിക്കുന്നത്?''-ഫിനാന്‍സ് കമ്മിറ്റി യോഗത്തില്‍ നാമ ലാസിമി ചോദിച്ചു.


നാമ ലാസിമി

യേര്‍ നെതന്യാഹുവിന്റെ സുരക്ഷയ്ക്കായി പ്രതിവര്‍ഷം ആറുകോടിയില്‍ അധികം രൂപയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ ചെലവാക്കുന്നത്. ഇറാനുമായി സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ അടുത്തിടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍, ബെഞ്ചമിന്‍ നെതന്യാഹുവിനെ മകന്‍ തല്ലിയിട്ടില്ലെന്ന് ലിക്കുഡ് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. ഡെമോക്രാറ്റ് അംഗമായ നാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മറ്റൊരു മകനായ അവ്‌നര്‍ നെതന്യാഹുവും പിതാവുമായി നീരസത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. 2024 നവംബര്‍ 26ന് നടക്കാനിരിക്കുന്ന ഇയാളുടെ വിവാഹം ഗസ, ലബ്‌നാന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. സിസറിയയിലെ നെതന്യാഹുവിന്റെ വീട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചത്.