ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍; യുഎസില്‍ പോയി വന്നിട്ട് വിശദമായി പറയാമെന്ന് നെതന്യാഹു

Update: 2025-09-22 03:40 GMT

തെല്‍അവീവ്: ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അംഗീകാരം നല്‍കിയ രാജ്യങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു. ''ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാവില്ല. ഞങ്ങളുടെ രാജ്യത്തിന് അകത്ത് ഒരു തീവ്രവാദരാഷ്ട്രം ഉണ്ടാക്കാന്‍ അനുവദിക്കില്ല. യുഎസില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ഞാന്‍ മറുപടി പറയും. ഒക്ടോബര്‍ ഏഴിലെ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്കുള്ള സമ്മാനമാണ് ഫലസ്്തീന്‍ രാഷ്ട്രം.''-നെതന്യാഹു പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ ജൂതകുടിയേറ്റ പ്രദേങ്ങള്‍ നിര്‍മിക്കുന്നതുമായി മുന്നോട്ടുപോവുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ജോര്‍ദാന്‍ താഴ്‌വര അടക്കമുള്ള വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുകയാണെങ്കില്‍ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള എബ്രഹാം ഉടമ്പടികളില്‍ മുന്നോട്ടുപോക്കുണ്ടാവില്ലെന്ന് സൗദി അറേബ്യ ഇസ്രായേലിനെ അറിയിച്ചു. കൂടാതെ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള അനുവാദവും റദ്ദാക്കും.