ജൂതത്തടവുകാരെ ശനിയാഴ്ച്ചക്കകം വിട്ടില്ലെങ്കില്‍ അധിനിവേശം തുടരുമെന്ന് നെതന്യാഹു
തെല്‍അവീവ്: ഗസയിലെ തടവുകാരെ ശനിയാഴ്ച്ചക്കകം ഹമാസ് വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിട്ടയക്കാമെന്ന് നേരത്തെ ധാരണയില്‍ എത്തിയിരുന്ന മൂന്നു പേരുടെ കാര്യമാണോ അതോ ബാക്കിയുള്ള 76 പേരുടെ കാര്യമാണോ നെതന്യാഹു ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.
''ശനിയാഴ്ച്ച ഉച്ചയോടെ തടവുകാരെ ഹമാസ് വിട്ടയച്ചില്ലെങ്കില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കും. വീണ്ടും യുദ്ധം ആരംഭിക്കും. ശനിയാഴ്ച ഉച്ചയോടെ തടവുകാരെ മോചിപ്പിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഗസയുടെ ഭാവിയെക്കുറിച്ചുള്ള പ്രസിഡന്റിന്റെ വിപ്ലവകരമായ കാഴ്ചപ്പാടും സ്വാഗതാര്‍ഹമാണ്''.-നാല് മണിക്കൂര്‍ നീണ്ട സുരക്ഷാ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ നിരന്തരമായി ലംഘിക്കുന്നതിനിലാണ് തടവുകാരുടെ മോചനം ഹമാസ് മരവിപ്പിച്ചിരുന്നത്. ഇതോടെ ഹമാസിനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ശനിയാഴ്ച്ച ഉച്ചക്ക് 12നകം തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ നരകം പൊട്ടിപ്പുറപ്പെടുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.