സിനായില്‍ ഈജിപ്ത് സൈന്യത്തെ വിന്യസിക്കുന്നുവെന്ന്; 30,000 കോടിയുടെ പ്രകൃതിവാതക കരാര്‍ മരവിപ്പിച്ച് ഇസ്രായേല്‍
തെല്‍അവീവ്: സിനായ് പ്രദേശത്ത് ഈജിപ്ത് സൈനികരെ വിന്യസിക്കുകയും തുരങ്കങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഈജിപ്തുമായുള്ള 30,000 കോടിയുടെ പ്രകൃതിവാതക കരാര്‍ ഇസ്രായേല്‍ മരവിപ്പിച്ചു. 1978ല്‍ ഒപ്പിട്ട സമാധാന കരാറിന്റെ ലംഘനമാണ് ഈജിപ്തിന്റെ നടപടിയെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. സിനായില്‍ ഈജിപ്ത് കൂടുതല്‍ സൈനികരെ വിന്യസിക്കുകയാണെന്നും റണ്‍വേകളുടെ വലുപ്പം കൂട്ടുകയാണെന്നും തുരങ്കങ്ങള്‍ നിര്‍മിക്കുകയാണെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. ഇത് 1978ലെ കരാറിന്റെ ലംഘനമാണെന്നാണ് ആരോപണം.
ഇസ്രായേലില്‍ നിന്നും ഈജിപ്ത് വന്‍തോതില്‍ പ്രകൃതിവാതകം വാങ്ങുന്നുണ്ട്. അത് ഉപയോഗിച്ചാണ് ആഭ്യന്തര ഉപഭോഗത്തെ തൃപ്തിപ്പെടുത്തുന്നത്. ഈജിപ്തിനെ നിയന്ത്രിക്കാന്‍ പ്രകൃതിവാതക കരാറിനെ ഇസ്രായേല്‍ ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.