സിഡ്‌നി വെടിവയ്പ് തടഞ്ഞത് ജൂതനാണെന്ന് വ്യാജ അവകാശവാദവുമായി നെതന്യാഹു

Update: 2025-12-15 03:25 GMT

തെല്‍അവീവ്: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ഇന്നലെ നടന്ന വെടിവയ്പ് തടഞ്ഞത് ജൂതനായ ഒരു ധൈര്യശാലിയാണെന്ന അവകാശവാദവുമായി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജൂതന്‍മാരുടെ ഹീറോയിസം എന്ന പേരിലാണ് നെതന്യാഹു ഈ സംഭവത്തില്‍ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍, സിറിയയിലെ ഇദ്‌ലിബില്‍ നിന്നുള്ള അഹമദ് അല്‍ അഹമദാണ് അക്രമികളെ യഥാര്‍ത്ഥത്തില്‍ തടഞ്ഞത്. സതര്‍ലാന്‍ഡില്‍ ഫ്രൂട്ട്‌സ് കട നടത്തുകയായിരുന്നു അദ്ദേഹം.

പാകിസ്താന്‍ സ്വദേശികളായ സാജിദ് അക്രവും മകന്‍ നവീദ് അക്രവുമാണ് ജൂതന്‍മാരുടെ ഹനൂക്ക ആഘോഷത്തിനിടെ വെടിവയ്പ് നടത്തിയത്. ഇത് കണ്ട് അതിലൂടെ നടന്നുപോവുകയായിരുന്ന അഹമദ് തോക്കുധാരിയെ നേരിടുകയായിരുന്നു. അക്രമികളില്‍ ഒരാളില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെയുള്ള കാറിന് പിന്നില്‍ അഹമ്മദ് ആദ്യം മറഞ്ഞുനിന്നു. വെടിയൊച്ചകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലൂടെ ഓടിച്ചെന്ന് തോക്കുധാരിയെ അഹമ്മദ് പിന്നില്‍ നിന്ന് പിടിച്ചു. അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ അഹമ്മദിന് തോക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. വെടിയുതിര്‍ത്തയാള്‍ പിന്നിലേക്ക് വീണു. അതിനിടെ അഹമ്മദിന് രണ്ടുതവണ വെടിയേല്‍ക്കുകയും ചെയ്തു.

ആക്രമണത്തില്‍ മൊത്തം പതിനാറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ആസ്‌ത്രേലിയന്‍ പോലിസിന്റെ വെടിയേറ്റ അക്രമി സാജിദ് അക്രം സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. നവീദ് അക്രം ആശുപത്രിയില്‍ ചികില്‍സയിലാണ്.