ജീവിച്ചിരിക്കുന്ന ദേവതയായി രണ്ടുവയസുകാരിയെ തിരഞ്ഞെടുത്ത് നേപ്പാള്‍

Update: 2025-10-01 08:30 GMT

കാഠ്മണ്ഡു: ജീവിച്ചിരിക്കുന്ന ദേവതയായി രണ്ടുവയസുകാരിയെ തിരഞ്ഞെടുത്ത് നേപ്പാള്‍. രണ്ടുവയസും എട്ടുമാസവും പ്രായമുള്ള ആര്യതാര ശാഖ്യ എന്ന പെണ്‍കുട്ടിയാണ് ദേവത. നിലവിലെ ദേവതയ്ക്ക് പ്രായപൂര്‍ത്തിയായതിനാലാണ് പുതിയ ദേവതയെ ആചാരപ്രകാരം തിരഞ്ഞെടുത്തത്. ഇനി മുതല്‍ കുമാരി ഘട്ടിലെ ക്ഷേത്രത്തിന്റെ കൊട്ടാരത്തിലാണ് കുട്ടി താമസിക്കുക. കാഠ്മണ്ഡു താഴ്‌വരയില്‍ താമസിക്കുന്ന നെവാര്‍ സമുദായത്തിലെ ശാഖ്യ ഗോത്രത്തിലെ അംഗങ്ങളെയാണ് ദേവതയായി തിരഞ്ഞെടുക്കാറ്.


രണ്ടിനും നാലിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് തിരഞ്ഞെടുക്കുക. അവര്‍ക്ക് കളങ്കമില്ലാത്ത ചര്‍മ്മം, മുടി, കണ്ണുകള്‍, പല്ലുകള്‍ എന്നിവ ഉണ്ടായിരിക്കണം. അവര്‍ ഇരുട്ടിനെ ഭയപ്പെടരുത്. കുമാരി എപ്പോഴും ചുവപ്പ് വസ്ത്രം ധരിച്ച്, മുടി മുകളില്‍ കെട്ടുകള്‍ കൊണ്ട് കെട്ടി, നെറ്റിയില്‍ ഒരു 'മൂന്നാം കണ്ണ്' വരച്ചിരിക്കും. 


''ഇന്നലെ അവള്‍ എന്റെ മകളായിരുന്നു, പക്ഷേ ഇന്ന് അവള്‍ ദേവതയാണ്. ഗര്‍ഭകാലത്ത് തന്നെ അവള്‍ ദേവതയാവുമെന്നതിന്റെ സൂചനകളുണ്ടായിരുന്നു. ഗര്‍ഭകാലത്ത് താന്‍ ദേവതയാണെന്ന് അമ്മ സ്വപ്‌നം കണ്ടു. കുട്ടിക്ക് പ്രത്യേകതകള്‍ ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.''- ആര്യതാര ശാഖ്യയുടെ പിതാവ് അനന്ത ശാഖ്യ പറഞ്ഞു. 2017 മുതല്‍ ദേവതയായിരുന്ന തൃഷ്ണ ശാഖ്യ പ്രായപൂര്‍ത്തിയായപ്പോഴാണ് പദവി ഒഴിഞ്ഞത്. ഒരു പല്ലക്കില്‍ കയറി അവര്‍ വീട്ടിലേക്ക് പോയി. വിരമിക്കുന്ന ദവതയ്ക്ക് സര്‍ക്കാര്‍ പ്രതിമാസം 9700 രൂപ സഹായം നല്‍കും.