സോഷ്യല്‍ മീഡിയ നിരോധനം: നേപ്പാളിലെ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി
കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ നിരോധിച്ച സര്‍ക്കാര്‍ നടപടിയില്‍ നേപ്പാളില്‍ പ്രതിഷേധം തുടരുന്നു. പോലിസും സൈന്യവും നടത്തിയ വെടിവയ്പില്‍ ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവില്‍ ആരംഭിച്ച പ്രതിഷേധസമരങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പോലിസിന് പിന്നാലെ സൈന്യത്തെയും വിന്യസിച്ചു. നിരോധനാജ്ഞാവ്യവസ്ഥകള്‍ ലംഘിക്കുകയും പാര്‍ലമെന്റിന് സമീപത്തെ നിയന്ത്രിതമേഖലകളില്‍ പ്രതിഷേധക്കാര്‍ പ്രവേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണിത്.
പ്രതിഷേധം രൂക്ഷമായതോടെ കാഠ്മണ്ഡു ജില്ല ഭരണകൂടം നിരോധനാജ്ഞ വ്യാപിപ്പിച്ചു. ബാനേശ്വറില്‍ മാത്രമായിരുന്ന നേരത്തെ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. ഉന്നത സുരക്ഷാമേഖലകളായ പ്രസിഡന്റിന്റെ വസതി (ശീതള്‍ നിവാസ്), വൈസ് പ്രസിഡന്റിന്റെ വസതി, മഹാരാജ്ഗഞ്ജ്, സിംഹ ദര്‍ബാര്‍, പ്രധാനമന്ത്രിയുടെ വസതി, സമീപപ്രദേശങ്ങള്‍ എന്നിവടങ്ങളിലേക്ക് നിരോധനാജ്ഞ വ്യാപിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രദേശികസമയം 12.30 മുതല്‍ രാത്രി പത്ത് മണി വരെയാണ് നിരോധനാജ്ഞ. പൊതുജന സഞ്ചാരം, സംഘം ചേരല്‍, കൂട്ടംകൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഈ മേഖലകളില്‍ നിരോധനമുണ്ട്.
വ്യാഴാഴ്ചയാണ് സാമൂഹികമാധ്യമങ്ങള്‍ക്ക് നേപ്പാള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയവ ഉള്‍പ്പെടെ 26 സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കാണ് നേപ്പാളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളെ സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയവ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ ലഭ്യമല്ലാതായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.

