ലൈംഗികാതിക്രമ ആരോപണത്തില്‍ മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാരെ വെറുതെവിട്ടു
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുന്‍ മന്ത്രിയും ജനതാദള്‍ നേതാവുമായിരുന്ന നീല ലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെവിട്ടു. തിരുവനന്തപുരം ജില്ലാ കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. 1999ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് നീല ലോഹിതദാസന്‍ നാടാര്‍ക്കെതിരേ ഉന്നത ഉദ്യോഗസ്ഥ പരാതി നല്‍കിയത്. ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന ഓഫിസിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ കേസിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് നാടാരെ വിചാരണ കോടതിയും ജില്ലാ കോടതിയും ശിക്ഷിച്ചിരുന്നത്.എന്നാല്‍ പരാതിക്കാരിയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.