നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴി മൂടിയിരുന്നില്ല; കുട്ടിയുടെ മരണത്തില്‍ കേസെടുത്തു

Update: 2025-02-07 12:34 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഡൊമസ്റ്റിക് ടെര്‍മിനലില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ മാലിന്യക്കുഴിയില്‍ വീണുമരിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. പ്രാഥമിക പരിശോധന പൂര്‍ത്തിയായയെന്നും അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആലുവ ഡിവൈഎസ്പി അറിയിച്ചു. മാലിന്യക്കുഴി തുറന്ന നിലയിലായിരുന്നുവെന്നും അപകടശേഷം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടുകയായിരുന്നുവെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണു രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജു കുഴിയിലേക്കു വീണത്. പത്തുമിനിറ്റോളം കുഴിയില്‍ കിടന്നു. പുറത്തെടുത്ത ഉടനെ കുട്ടി മാലിന്യം ഛര്‍ദിച്ചു. പിന്നാലെ അനക്കമറ്റ കുട്ടിക്ക് സിപിആര്‍ നല്‍കിയതിനു പിന്നാലെ തൊട്ടടുത്ത അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അവിടെവച്ചു മരണം സ്ഥിരീകരിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ കഫെയുടെ അകത്തും പുറത്തുമെല്ലാം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടിയെ മാലിന്യക്കുഴിയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നു സിയാല്‍ അറിയിച്ചു.

Tags: