ഇസ്രായേലിലെ നാലില്‍ മൂന്ന് തൊഴിലാളികള്‍ക്കും സ്ഥലം വിടണമെന്ന് ആഗ്രഹം

Update: 2025-07-10 07:46 GMT

തെല്‍അവീവ്: ഇസ്രായേലിലെ നാലില്‍ മൂന്ന് തൊഴിലാളികള്‍ക്കും സ്ഥലം വിടണമെന്ന് ആഗ്രഹം. ജൂത തൊഴില്‍സ്ഥാപനമായ ആള്‍ജോബ്‌സ് നടത്തിയ സര്‍വേയിലാണ് വെളിപ്പെടുത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 73 ശതമാനം പേരും മറ്റേതെങ്കിലും രാജ്യത്തേക്ക് പോവണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനം കൂടുതലാണ്. ഗസയിലെ അധിനിവേശം രണ്ടാം വര്‍ഷത്തേക്ക് കടന്നതും ഹിസ്ബുല്ലയുടെ ആക്രമണവും ഇറാനെതിരായ യുദ്ധവുമാണ് പ്രതിസന്ധിക്ക് കാരണം. ചരിത്രത്തില്‍ അദ്യമായാണ് 70 ശതമാനത്തില്‍ അധികം പേര്‍ രാജ്യം വിടണമെന്ന നിലപാട് സ്വീകരിക്കുന്നത്. മികച്ച തൊഴില്‍ സാധ്യത നോക്കിയല്ല, മറിച്ച് വൈകാരിക സുരക്ഷിതത്വം നോക്കിയാണ് ആളുകള്‍ നാടുവിടാന്‍ ആഗ്രഹിക്കുന്നതെന്ന് ആള്‍ജോബ്‌സിലെ വൈസ് പ്രസിഡന്റായ ലിയാത്ത് ബെന്‍ തോരാഹ് ശോഷണ്‍ പറഞ്ഞു.

യുഎസില്‍ കുടിയേറാനാണ് 44 ശതമാനം തൊഴിലാളികളും ആഗ്രഹിക്കുന്നത്. യൂറോപ്പില്‍ പോവാനാണ് 26 ശതമാനം പേര്‍ക്ക് ആഗ്രഹം. സൈപ്രസ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ പോയി താമസിക്കാനും ചിലര്‍ ആഗ്രഹിക്കുന്നു.ഉടുതുണിയുമായി യൂറോപ്പില്‍ നിന്നും യുഎസില്‍ നിന്നും എത്തി ഫലസ്തീന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ജൂതന്‍മാര്‍ക്ക് കുടിയേറ്റം വലിയ പ്രശ്‌നമാവില്ലെന്നാണ് വിലയിരുത്തല്‍. രാജ്യം വിടുന്ന തൊഴിലാളികള്‍ക്ക് പകരമായി മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ജൂതന്‍മാര്‍ പറയുന്നത്.