കൊച്ചി: കഞ്ചാവ് ചട്ടിയിലോ പറമ്പിലോ നട്ടാലും എന്‍ഡിപിഎസ് നിയമം ബാധകമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മനസറിവോടെ കഞ്ചാവ് കൃഷി ചെയ്യുന്നതും വളര്‍ത്തുന്നതും പരിചരിക്കുന്നതും കുറ്റകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വാടക കെട്ടിടത്തിന് മുകളില്‍ കഞ്ചാവ് കൃഷി ചെയ്‌തെന്ന് ആരോപിച്ച് എക്‌സൈസ് രജിസ്റ്റര്‍ ചെയ്‌തെന്ന കേസ് റദ്ദാക്കാന്‍ ഒരു കുറ്റാരോപിതന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രതിയുടെ മുറിയില്‍ നിന്ന് ഉണങ്ങിയ കഞ്ചാവ് വിത്തുകളും എക്‌സൈസ് കണ്ടെത്തിയിരുന്നു. തന്റെ കെട്ടിടത്തിന് മുകളിലെ കഞ്ചാവ് ചെടിയില്‍ പൂക്കള്‍ ഇല്ലായിരുന്നുവെന്നാണ് ഹരജിക്കാരന്‍ പ്രധാനമായും വാദിച്ചത്. അതിനാല്‍ താന്‍ കഞ്ചാവ് കൃഷി ചെയ്തതായി കാണരുതെന്നായിരുന്നു ആവശ്യം. പൂക്കാത്ത കഞ്ചാവ് ലഹരിയായി ഉപയോഗിക്കാനാവില്ലെന്നും പ്രതി വാദിച്ചു. എന്നാല്‍, ഈ വാദങ്ങളെല്ലാം കോടതി തള്ളി.