നവീന്‍ ബാബുവിന്റെ ആത്മഹത്യ: പി പി ദിവ്യയും പ്രശാന്തനും 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹരജി
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി പ്രശാന്തന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ഇരുവര്‍ക്കും പത്തനംതിട്ട സബ്കോടതി സമന്‍സ് അയച്ചു.
2024 ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കലക്ടറേറ്റില്‍ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോള്‍ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീര്‍ത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നതാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തന്‍ ആരോപിച്ചിരുന്നു. അത് തെളിയിക്കാന്‍ അയാള്‍ തയ്യാറായതുമില്ല. ഇതെല്ലാമാണ് പ്രശാന്തന്റെ പേരിലുള്ള ആരോപണം.