യുഎസ് പിന്തുണയില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാനാവില്ല: നാറ്റോ സെക്രട്ടറി ജനറല്‍

Update: 2026-01-27 02:57 GMT

ബ്രസല്‍സ്: യുഎസിന്റെ പിന്തുണയില്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധിക്കാനാവില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുത്തി. ഡെന്‍മാര്‍ക്കിന്റെ കീഴിലുള്ള ഗ്രീന്‍ലാന്‍ഡ് യുഎസിന് വേണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസും യൂറോപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസം ശക്തമായിരിക്കെയാണ് മാര്‍ക്ക് റുത്തിയുടെ പരാമര്‍ശം. '' യൂറോപ്യന്‍ യൂണിയനോ മൊത്തം യൂറോപ്പിനോ പ്രതിരോധിക്കാന്‍ കഴിയുമെന്നത് സ്വപ്‌നം മാത്രമാണ്. നിങ്ങള്‍ക്ക് പറ്റില്ല, നമുക്ക് പറ്റില്ല, യൂറോപ്പിന് യുഎസിനെ ആവശ്യമാണ്.''-ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കവേ മാര്‍ക്ക് റുത്തി പറഞ്ഞു. യുഎസ് ഇല്ലാതെ യൂറോപ്പിന് നിലനില്‍പ്പില്ലെന്ന് ട്രംപ് നേരത്തെ തന്നെ പറഞ്ഞിരുന്നു. നെതര്‍ലാന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന മാര്‍ക്ക് റുത്തി ട്രംപുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്. ട്രംപിന്റെ തന്ത്രപരമായ പദ്ധതികള്‍ക്ക് യൂറോപ്പ് പിന്തുണ നല്‍കണമെന്നാണ് മാര്‍ക്ക് റുത്തിയുടെ നിലപാട്.

1949ല്‍ 12 രാജ്യങ്ങള്‍ ചേര്‍ന്നാണ് നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോ രൂപീകരിച്ചത്. ഇതൊരു രാഷ്ട്രീയ-സൈനിക സഖ്യമാണ്. നിലവില്‍ യൂറോപ്പിലെയും വടക്കന്‍ അമേരിക്കയിലെയും 32 രാജ്യങ്ങളാണ് നാറ്റോയില്‍ അംഗമായിട്ടുള്ളത്. ഒരു അംഗരാജ്യത്തിനെതിരായ ആക്രമണം എല്ലാവര്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കപ്പെടുന്നു. നാറ്റോയുടെ മെഡിറ്ററേനിയന്‍ ഡയലോഗില്‍ 1994 മുതല്‍ ഇസ്രായേല്‍ അംഗമാണ്. അതിനാല്‍ നാറ്റോയുടെ ചില സൈനികപരിശീലനങ്ങളില്‍ ഇസ്രായേലിന് പങ്കെടുക്കാം. ബ്രസല്‍സിലെ നാറ്റോ ആസ്ഥാനത്ത് സ്ഥിരമായ പ്രതിനിധിയും ഉണ്ട്.