ബഹിരാകാശ ശാസ്ത്രജ്ഞന് ആരോഗ്യപ്രശ്‌നം; ക്രൂ-11 ദൗത്യസംഘത്തിന്റെ മടക്കയാത്ര തുടങ്ങി

Update: 2026-01-15 01:45 GMT

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് (ഐഎസ്എസ്) ക്രൂ-11 ദൗത്യസംഘത്തിന്റെ മടക്കയാത്ര തുടങ്ങി. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്നാണ് ദൗത്യം വെട്ടിച്ചുരുക്കി സംഘത്തിന്റെ മടക്കം. വൈദ്യചികിത്സ ആവശ്യമുള്ള ഒരു ബഹിരാകാശയാത്രികനും മറ്റു 3 പേരുമാണ് മടങ്ങുന്നത്. 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വരുന്നത്.

യുഎസ്, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്. സീന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടക്കയാത്ര നടത്തുന്നവര്‍. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിലാണ് ഇവര്‍ മടങ്ങുന്നത്. ക്രൂ-11 മടങ്ങുന്നതോടെ ബഹിരാകാശ നിലയത്തില്‍ താല്‍ക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും. നിലവില്‍ 7 പേരുള്ളിടത്ത്, ഇവര്‍ മടങ്ങുന്നതോടെ നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യന്‍ സഞ്ചാരികളും മാത്രമാകും അവശേഷിക്കുക. രോഗബാധിതനായ സഞ്ചാരിയെ തിരിച്ചെത്തിയ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്കായി മാറ്റും. ഇവര്‍ ഭൂമിയെ ലക്ഷ്യമിട്ടുള്ള പത്തരമണിക്കൂര്‍ നീളുന്ന യാത്ര തുടങ്ങിക്കഴിഞ്ഞു. ആസ്‌ത്രേലിയക്ക് മുകളില്‍ വച്ചാണ് ബഹിരാകാശനിലയത്തില്‍നിന്നും പേടകം വേര്‍പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.11 ഓടെ ക്രൂ-11 ദൗത്യസംഘവുമായി എത്തുന്ന പേടകം യുഎസ് തീരത്ത് കടലില്‍ ഇറങ്ങും.