''ചൊവ്വയിലെ കല്ലും മണ്ണുമെല്ലാം അവിടെ തന്നെ കിടക്കട്ടെ''-നാസക്കുള്ള സഹായം കുറയ്ക്കാന്‍ ട്രംപ്
വാഷിങ്ടണ്‍: ചൊവ്വാ ഗ്രഹത്തിലെ കല്ലിന്റെയും മണ്ണിന്റെയും സാമ്പിളുകള്‍ ഭൂമിയില്‍ കൊണ്ടുവരാനുള്ള നാസയുടെ പദ്ധതിക്കുള്ള സഹായം വെട്ടിക്കുറക്കാന്‍ യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷമായി ചൊവ്വാ ഗ്രഹത്തിലെ ജെസെറോ ക്രേറ്ററില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്ന പദ്ധതിക്കുള്ള സഹായമാണ് ട്രംപ് ഭരണകൂടം വെടിക്കുറയ്ക്കാന്‍ പോവുന്നത്.
2021 ഫെബ്രുവരിയില്‍ ചൊവ്വയിലെ ജെസെറോ ക്രേറ്ററില്‍ എത്തിയ, ഒരു കാറിന്റെ വലുപ്പമുള്ള, ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, നാസയുടെ പ്രത്യേക വാഹനം ഇതുവരെ നിരവധി സാമ്പിളുകളാണ് ശേഖരിച്ചിട്ടുള്ളത്. കല്ലും മണ്ണുമെല്ലാം പ്രത്യേക ട്യൂബുകളിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. ഭൂമിയിലേക്ക് തിരികെ പോവുന്ന കാലത്ത് ഇവയും കൊണ്ടുപോവാനായിരുന്നു തീരുമാനം. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ എന്ന കാര്യം അടക്കം ഇവയുടെ പരിശോധനയില്‍ വെളിപ്പെടുമെന്നും ശാസ്ത്രലോകം കരുതി. 2040ഓടെ ഈ സാമ്പിളുകള്‍ ഭൂമിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഈ പദ്ധതിക്ക് ഏകദേശം 93,000 കോടിയില്‍ അധികം രൂപ ചെലവാകുമെന്നാണ് നാസ പറയുന്നത്. എന്നാല്‍, ചൊവ്വയില്‍ നിന്നും മണ്ണും കല്ലും കൊണ്ടുവരാന്‍ ഇത്രയും വലിയ തുക ചെലവാക്കാന്‍ കഴിയില്ലെന്നാണ് ട്രംപ് പറയുന്നത്. ട്രംപിന്റെ നിലപാട് ബഹിരാകാശ മേഖലയിലെ നാസയുടെ മുന്നേറ്റങ്ങളുടെ തകര്‍ക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.