ക്രിസ്തുമസ് കുര്‍ബാനയില്‍ പങ്കെടുത്ത് നരേന്ദ്രമോദി; പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം

Update: 2025-12-25 05:20 GMT

ന്യൂഡല്‍ഹി: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ നടന്ന കുര്‍ബാനയടക്കമുള്ള ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു. ബിജെപി കേരള അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ പ്രധാനമന്ത്രി സന്ദര്‍ശനത്തിനെത്തുന്നതിന് മുമ്പായി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു. വിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പള്ളിക്ക് മുന്നില്‍ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്.