അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി എസ് ജയശങ്കര്‍

Update: 2025-05-16 01:09 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്താന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ-അഫ്ഗാനിസ്താന്‍ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഔദ്യോഗിക ഫോണ്‍ സംഭാഷണത്തിലൂടെ ഇരുവരും നടത്തിയത്. പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.

ചര്‍ച്ചയ്ക്ക് ശേഷം തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഡോ. ജയശങ്കര്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. 'ഇന്ന് വൈകുന്നേരം ആക്ടിങ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്താഖിയുമായി നല്ല ചര്‍ച്ച നടത്തി. പെഹല്‍ഗാം ആക്രമണത്തെ അദ്ദേഹം അപലപിച്ചതില്‍ നന്ദിയുണ്ട്....അഫ്ഗാന്‍ ജനതയുമായുള്ള നമ്മുടെ (ഇന്ത്യയുടെ) പരമ്പരാഗത സൗഹൃദത്തെയും അവരുടെ വികസന ആവശ്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.''-പോസ്റ്റ് പറയുന്നു. 2021ല്‍ യുഎസ് നേതൃത്വത്തിലുള്ള അഫ്ഗാന്‍ പാവസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മില്‍ മന്ത്രിതല ചര്‍ച്ച നടക്കുന്നത്.