യെമന്റെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ് വരുന്നതായി റിപോര്‍ട്ട്
ദുബൈ: യെമന്റെ ഭാഗമായ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതായി റിപോര്‍ട്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അബ്ദുല്‍ കുരി ദ്വീപിലാണ് എയര്‍സ്ട്രിപ്പ്. ഏദന്‍ കടലിടുക്ക് തുടങ്ങുന്ന ഭാഗത്താണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിന്റെ നിയന്ത്രണ അധികാരമുള്ളവര്‍ക്ക് പ്രദേശത്തെ കടല്‍ വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും സൈനികനീക്കങ്ങള്‍ നടത്താനും എളുപ്പമാവുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഈ എയര്‍സ്ട്രിപ്പിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) അറിയിച്ചു. ഐസിഎഒ അംഗമായ യെമന്‍ ഇക്കാര്യം അവരെ അറിയിക്കേണ്ടതാണ്. എന്നാല്‍, ഈ പ്രദേശത്തെ മറ്റൊരു ദ്വീപിലെ വിമാനത്താവളത്തെ കുറിച്ച് യെമന്‍ ഐസിഎഒയെ അറിയിച്ചിട്ടുണ്ട്.
അബ്ദുല്‍ കുരി ദ്വീപിന് വലിയ സൈനിക പ്രാധാന്യമുണ്ട്. ആഫ്രിക്കയില്‍ നിന്നും 95 കിലോമീറ്ററും യെമനില്‍ നിന്ന് 400 കിലോമീറ്ററും അകലെയാണ് ഈ ദ്വീപ്. ശീതയുദ്ധത്തിന്റെ അവസാന കാലത്ത് സോവിയറ്റ് യൂണിയന്റെ പടക്കപ്പലുകള്‍ ഈ പ്രദേശത്തെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. യുഎഇയുടെയും സൗദിയുടെയും പിന്തുണയുള്ള യെമനിലെ സതേണ്‍ ട്രാന്‍സീഷണല്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് ഏതാനും വര്‍ഷമായി ഈ ദ്വീപുള്ളത്. ഈ പ്രദേശത്ത് യുഎഇയുടെ വിമാനങ്ങളെയും കപ്പലുകളെയും കണ്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു.