മ്യാന്‍മറിലെ യുദ്ധത്തില്‍ ആനസൈന്യവും (PHOTOS)

Update: 2025-07-07 13:57 GMT

മ്യാന്‍മര്‍: മ്യാന്‍മറിലെ സൈനികഭരണകൂടത്തിനെതിരെ നടക്കുന്ന യുദ്ധത്തില്‍ വിവിധ സംഘടനകള്‍ ആനസൈന്യത്തെ ഉപയോഗിക്കുന്നതായി റിപോര്‍ട്ട്. ഏകദേശം 200 ആനകളും പാപ്പാന്‍മാരും ഈ യുദ്ധത്തിന്റെ ഭാഗമാണ്. സൈനികഭരണകൂടത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന വിമതരുടെ കേന്ദ്രങ്ങളിലാണ് പ്രധാനമായും ആനകളെ ഉപയോഗിക്കുന്നത്. വനത്തിലൂടെ പരിക്കേറ്റവരെയും ആയുധങ്ങളും മരുന്നുകളും കൊണ്ടുപോവാനും ആനകളെ ഉപയോഗിക്കുന്നു.


മനുഷ്യര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വഴികളിലൂടെ പോലും ആനകള്‍ പോവുമെന്നതാണ് അവയെ ഉപയോഗിക്കാന്‍ കാരണം. ഈ ആനകള്‍ക്ക് ഷാന്‍, അസം ഭാഷ മാത്രമേ മനസിലാവൂ എന്നതും വിമതര്‍ക്ക് ഗുണം ചെയ്യുന്നു. കാംതി ഷാന്‍ വിഭാഗക്കാരും അസമിലെയും കിഴക്കന്‍ അരുണാചല്‍ പ്രദേശിലെയും പാപ്പാന്‍മാരാണ് ഈ ആനകളെ നിയന്ത്രിക്കുന്നത്. ആന പാപ്പാന്‍മാരെ തണ്ണിമത്തന്‍ എന്നാണ് വിമതര്‍ വിളിക്കുക.


രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പോരാട്ടത്തില്‍ ആനകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിമതര്‍ വിശ്വസിക്കുന്നത്. വിവിധ മരക്കമ്പനികളില്‍ നിന്നും പിടിച്ചു കൊണ്ടുവന്നതാണ് 190 ആനകള്‍.




 ഇതില്‍ ഭൂരിഭാഗത്തെയും 2024ല്‍ കമ്മ്യൂണിസ്റ്റ് ഗറില്ലകളാണ് മോചിപ്പിച്ചത്. തുടര്‍ന്ന് ഈ ആനകളെ മോചിപ്പിക്കാന്‍ ഓപ്പറേഷന്‍ വെള്ളാന എന്ന പേരില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയെങ്കിലും വിജയിച്ചില്ല.ആനകളെ കൊല്ലുന്നത് വലിയ ദുരന്തങ്ങളുണ്ടാക്കുമെന്നാണ് പ്രാദേശിക വിശ്വാസം. അതിനാല്‍, ഒരു വിഭാഗവും ആനകളെ ആക്രമിക്കാറില്ല.