''എന്റെ ഉമ്മ പാകിസ്താനിയല്ല:'' 70കാരിയെ നാടുകടത്താന്‍ തീരുമാനിച്ചതിനെതിരെ മകള്‍
ചന്ദന്‍നഗര്‍: പശ്ചിമബംഗാളിലെ ചന്ദന്‍നഗറിലെ കുതിര്‍മഠ് പ്രദേശത്ത് ഇപ്പോള്‍ ഭയാനകമായ നിശ്ശബ്ദത തളംകെട്ടി നില്‍ക്കുകയാണ്. ഒരു കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ആശ ബേക്കറി നടത്തിയിരുന്ന കുടുംബത്തെ പ്രദേശവാസികള്‍ ഇപ്പോള്‍ ദു:ഖത്തോടെയാണ് നോക്കുന്നത്. ഈ ദു:ഖത്തിന്റെ കേന്ദ്ര ബിന്ദു നിരവധി രോഗങ്ങളുള്ള 70കാരിയായ ഫാത്വിമ ബീബിയാണ്. കഴിഞ്ഞ ശനിയാഴ്ച ചന്ദന്‍നഗര്‍ കമ്മീഷണറേറ്റില്‍ നിന്നുള്ള പോലിസ് സംഘം അവരുടെ വീട്ടില്‍ എത്തിയിരുന്നു. പാകിസ്താന്‍ പൗരിയാണെന്ന് ആരോപിച്ച് അവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഫാത്വിമ
വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ഹാജരാക്കിയിട്ടും മുന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത രേഖകള്‍ ഹാജരാക്കിയിട്ടും അതൊന്നും മതിയായ തെളിവല്ലെന്നാണ് പോലിസ് പറയുന്നത്. ഫാത്വിമ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഒരുകാലത്ത് പ്രശസ്തനായ ബിസിനസുകാരനായിരുന്ന ഭര്‍ത്താവ് മുസാഫിര്‍ മാലിക് രോഗബാധിതനായി കിടപ്പിലാണ്.
'' ഞങ്ങള്‍ക്ക് ഇപ്പോള്‍ മുഖം പുറത്തുകാണിക്കാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്, വളര്‍ന്നത്, ജീവിതം കെട്ടിപ്പടുത്തത്. ഇപ്പോള്‍ ഞങ്ങളുടെ ഉമ്മ പാകിസ്താനിയാണെന്ന് ആളുകളോട് പറയുന്നു. സര്‍ക്കാരിന് തെറ്റുപറ്റി.''- ഫാത്വിമയുടെ മകളായ നിലോഫര്‍ പറഞ്ഞു.
ഫാത്വിമയുടെ ഭര്‍തൃപിതാവ് റെസാക്ക് മുല്ലയുടെ പ്രവര്‍ത്തനങ്ങളാണ് ആശ ബേക്കറിയെ പ്രശസ്തമാക്കിയത്. ഗുണനിലവാരത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിനാല്‍ ബേക്കറി നാട്ടുകാര്‍ക്ക് പ്രിയങ്കരമായി. 45 വര്‍ഷം മുമ്പാണ് ഫാത്വിമയുടെ വിവാഹം നടക്കുന്നത്. ഇവരുടെ വിവാഹിതരായ രണ്ടു പെണ്‍മക്കളും സമീപത്ത് തന്നെ താമസിക്കുന്നു.
''ഹൂഗ്ലിയിലെ നലികുളിയിലാണ് ഫാത്വിമ ജനിച്ചതെന്ന് പഴമക്കാര്‍ പറഞ്ഞ് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അവരുടെ പിതാവ് കുറച്ചുകാലം റാവല്‍പിണ്ടിയില്‍ ജോലി ചെയ്തിരുന്നു. ഫാത്വിമയും കുറച്ചുകാലം അവിടെ താമസിച്ചിരുന്നു. അവരുടെ വീട് ഇവിടെയായിരുന്നു. പണ്ട് രേഖകള്‍ തയ്യാറാക്കല്‍ വളരെ കുറവായിരുന്നു. പഴയകാലത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രായമാവരെ ജയിലില്‍ അടക്കണോ ?''-പ്രദേശത്ത് കട നടത്തുന്ന 61 വയസ്സുള്ള നസീര്‍ ഹുസൈന്‍ ചോദിച്ചു.
ഫാത്വിമയെ ജയിലില്‍ അടച്ചെന്ന വാര്‍ത്ത പരന്നതോടെ സര്‍ക്കാരിന്റെ നടപടികളെ അയല്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി.
'' 70 വയസുള്ള സ്ത്രീയെ അവര്‍ എങ്ങനെയാണ് തിരിച്ചറിഞ്ഞത്, അവര്‍ മൂലമുണ്ടാവുന്ന ഭീഷണികളെ കുറിച്ച് ഒന്നും പറയുന്നുമില്ല. അനധികൃതമായി കുടിയേറിയ ആളാണെങ്കില്‍ വര്‍ഷങ്ങളായി വോട്ടര്‍ പട്ടികയില്‍ എങ്ങനെ തുടര്‍ന്നു.''- പ്രദേശത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന ബാദല്‍ ശെയ്ഖ് ചോദിക്കുന്നു.
പൗരത്വ പരിശോധനാ നടപടികളെക്കുറിച്ചുള്ള ആശങ്കകളാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നത്; പ്രത്യേകിച്ച് വയോധികരായ പൗരന്‍മാരുടെ രേഖകള്‍ പരിശോധിക്കുന്നതില്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള യാത്രാ രേഖകളും ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാനദണ്ഡമാക്കാത്ത കാലത്തെ അപൂര്‍ണമായ രേഖകളുമാണ് ഫാത്വിമയുടെ കേസിന്റെ അടിസ്ഥാനം.
കശ്മീരിലെ പെഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ആക്രമണത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പാകിസ്താന്‍ പൗരന്മാരുടെ വിസ റദ്ദാക്കുകയും രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്ത സമയത്താണ് ഫാത്വിമക്കെതിരേ നടപടിയുണ്ടായത്.
'' ഞാന്‍ ഈ നാട്ടിലാണ് ജനിച്ചത്. പക്ഷേ, രേഖകളൊന്നുമില്ല. അടുത്തത് ഞാനാണെങ്കിലോ ?''- പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വയോധികന്‍ പറഞ്ഞു.
''എല്‍ കെ അഡ്വാനി പോലുള്ള നിരവധി പ്രമുഖര്‍ ലാഹോറിലോ കറാച്ചിയിലോ ജനിച്ചിരുന്നില്ലേ? അവരും ശിക്ഷിക്കപ്പെട്ടോ?''- പ്രദേശവാസിയായ അഫ്രോസ് അന്‍സാരി ചോദിച്ചു.
ഫാത്വിമയുടെ കുടുംബം ഇപ്പോള്‍ മോശം അവസ്ഥയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ''നാണക്കേട് കാരണം ഞങ്ങള്‍ പരസ്യമായി മുഖം മൂടുന്നു''- ബന്ധുവായ ബിരു ശെയ്ഖ് പറഞ്ഞു.
കുടുംബത്തിന്റെ മേലുള്ള വൈകാരിക സമ്മര്‍ദ്ദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വീട് പൂട്ടിയിട്ട് രണ്ട് പെണ്‍മക്കളും നിയമപരമായ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. പിതാവ് ആശുപത്രിയിലുമാണ്.
'ഞങ്ങള്‍ക്ക് ഇപ്പോള്‍ മാധ്യമങ്ങളെ ഭയമാണ്. അധികൃതര്‍ക്ക് തെറ്റുപറ്റി. ഞങ്ങള്‍ നിരപരാധികളാണെന്ന് എഴുതുക.''-ബിരു ശെയ്ഖ് അഭ്യര്‍ഥിച്ചു.
കടപ്പാട്: ജോയ്ദീപ് സര്‍ക്കാര്‍, ദ വയര്‍

