'ബംഗ്ലാദേശി'എന്ന് ആരോപിച്ച് വസ്ത്രം അഴിച്ചു പരിശോധന; മുസ് ലിം യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം

Update: 2026-02-01 13:06 GMT

കോല്‍കത്ത: മുസ്‌ലിംകള്‍ക്കെതിരേ പൗരത്വം ചോദ്യം ചെയ്തുകൊണ്ടുള്ള ആക്രമണം വ്യാപകമാകുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 'ബംഗ്ലാദേശി'കളെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികള്‍ മൂന്ന് മുസ് ലിം യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു.

ജനുവരി 25 ന് വൈകുന്നേരം, ബിഷ്ണുപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുല്‍പിയ പ്രദേശത്താണ് സംഭവം. മൂന്ന് മുസ് ലിം മാംസ വ്യാപാരികളെ 40 മുതല്‍ 50 വരെ പേരടങ്ങുന്ന ഒരു ജനക്കൂട്ടം ആക്രമിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളെ വസ്ത്രം അഴിച്ചുമാറ്റി പരിശോധിച്ചു. അപമാനിച്ചു, 'ബംഗ്ലാദേശി' എന്ന് ആരോപിച്ച്, കഠിനമായി മര്‍ദ്ദിച്ചുവെന്ന് അവരുടെ കുടുംബങ്ങള്‍ പറയുന്നു.

ബരുയിപൂരിലെ ഖോദര്‍ ബസാര്‍ മധ്യപാറ നിവാസികളായ ഫറാസ് അലി പിയാദ (35), അക്കാഷ് അലി പിയാദ (37), അന്‍സാര്‍ അലി പിയാദ (29) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വര്‍ഷങ്ങളായി പ്രാദേശിക കചാരി മാര്‍ക്കറ്റില്‍ ഒരു മട്ടണ്‍ ഷോപ്പ് നടത്തിവരികയായിരുന്നു ഇവര്‍.

നേരത്തെ ഉണ്ടായ തര്‍ക്കത്തില്‍ നിന്നാണ് പ്രശ്നം ആരംഭിച്ചത്. ചില ഉപഭോക്താക്കള്‍ മാംസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ട് മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. തര്‍ക്കം ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ട്, വ്യാപാരികള്‍ മൂന്ന് ആടുകളെ കൂടി അറുത്തു. എന്നിട്ടും, ഉപഭോക്താക്കള്‍ മാംസം വാങ്ങാന്‍ വിസമ്മതിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.

''പ്രശ്‌നം സമാധാനപരമായി അവസാനിക്കുന്നതിനായി ഞങ്ങളുടെ പിതാവ് ഉടന്‍ പണം തിരികെ നല്‍കി,'' ഒരു കുടുംബാംഗം പറഞ്ഞു. അന്ന് വൈകുന്നേരം, ഫറാസ് അലിയെ നാല് പേര്‍ ജുല്‍പിയ കൊയ്ലാര്‍ മോറിന് സമീപം തടഞ്ഞുനിര്‍ത്തി അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് വലിച്ചിഴച്ചു. തുടര്‍ന്ന് വലിയ ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞു.

''എനിക്ക് സഹിക്കാന്‍ പറ്റാത്തത്ര അവര്‍ എന്നെ ക്രൂരമായി മര്‍ദിച്ചു, പോലിസ് എത്തുന്നതിന് മുന്‍പ് ഞാന്‍ മരിച്ചു പോകുമെന്ന് ഭയപ്പെട്ടു,'' ഫറാസ് അലി പറഞ്ഞു.

അക്രമികള്‍ തനിക്ക് നേരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ''നിങ്ങള്‍ മുസ്‌ലിം ബംഗ്ലാദേശികള്‍ ഞങ്ങളുടെ ഭൂമിയില്‍ നിയമവിരുദ്ധമായി താമസിക്കുന്നു, ഇവിടെയുള്ള വിഭവങ്ങള്‍ ഉപയോഗിക്കുന്നു. ഭക്ഷണം കഴിക്കുന്നു'. എന്ന് പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.

സഹായത്തിനായി ഒരു ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അക്കാഷ് അലി സ്ഥലത്തെത്തിയപ്പോള്‍ അക്രമം രൂക്ഷമായി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ജനക്കൂട്ടം തന്റെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിച്ചു.

''ഞാന്‍ ഒരു മുസ്‌ലിം ആയതിനാല്‍ അവര്‍ എന്നെ വളഞ്ഞിട്ട് അപമാനിച്ചു,'' അദ്ദേഹം പറഞ്ഞു. ''അവര്‍ എന്റെ ആധാര്‍ കാര്‍ഡ് ചോദിച്ചു. എനിക്ക് അത് പെട്ടെന്ന് കാണിക്കാന്‍ കഴിയാതെ വന്നപ്പോള്‍, എന്റെ മാതാപിതാക്കളെക്കുറിച്ച് വൃത്തികെട്ടതും അധിക്ഷേപകരവുമായ വരികള്‍ എഴുതാന്‍ അവര്‍ എന്നെ നിര്‍ബന്ധിച്ചു.''

അക്കാഷ് അലിയുടെ ഭാര്യ സുജാത ബീബി കണ്ണീരോടെ ആ രംഗം വിവരിച്ചു. ''അവര്‍ ആയുധങ്ങളുമായാണ് എത്തിയത്. എന്റെ ഭര്‍ത്താവിനെ ഒരു ദയയും കൂടാതെ മര്‍ദിച്ചു,'' അവര്‍ പറഞ്ഞു. ''ഞാന്‍ അവനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, അവര്‍ എന്റെ വസ്ത്രങ്ങള്‍ കീറി, അനുചിതമായി എന്നെ സ്പര്‍ശിച്ചു, നെഞ്ചില്‍ ചവിട്ടി.''

അക്രമികള്‍ യുവാക്കളുടെ മതപരമായ വ്യക്തിത്വം പരിശോധിക്കാന്‍ അവരുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റിയതായും അവര്‍ ആരോപിച്ചു. ''അവര്‍ സുന്നത്ത് കഴിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു, തുടര്‍ന്ന് കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ അവരെ മര്‍ദിച്ചു,'' അവര്‍ പറഞ്ഞു.

തന്റെ സഹോദരന്മാരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിച്ചു. ആക്രമണത്തിനിടെ ജനക്കൂട്ടം ഒരു സ്വര്‍ണ്ണ മാല, പണം, വാലറ്റുകള്‍ എന്നിവ കൊള്ളയടിച്ചതായി മൂവരില്‍ ഇളയവനായ അന്‍സാര്‍ അലി പറഞ്ഞു. ഗുരുതര പരിക്കുകളോടെ മൂവരെയും ബരുയിപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീതിക്കായി കുടുംബം ഇപ്പോള്‍ നിയമത്തെയും മനുഷ്യാവകാശ ഗ്രൂപ്പുകളെയും മാത്രമേ ആശ്രയിക്കുന്നുള്ളൂവെന്ന് ഇരകളുടെ പിതാവ് പറഞ്ഞു. ''എന്റെ മക്കള്‍ ഇന്ത്യന്‍ പൗരന്മാരാണ്. എന്നിട്ടും അവരെ വിദേശികളെന്ന് വിളിച്ച് മൃഗങ്ങളേക്കാള്‍ മോശമായി പെരുമാറി,'' അദ്ദേഹം പറഞ്ഞു.

ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ''അന്വേഷണം തുടരുകയാണ്, ഉള്‍പ്പെട്ട മറ്റുള്ളവരെ അറസ്റ്റ് ചെയ്യാന്‍ റെയ്ഡുകള്‍ നടക്കുന്നുണ്ട്,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്വേഷണത്തില്‍ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രധാന അക്രമികളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ചന്ദന്‍ മണ്ഡല്‍, കാര്‍ത്തിക് നാസ്‌കര്‍, ഇന്ദ്ര ഘോഷ്, ആകാശ് എന്നിവരുള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

Tags: