മുഹര്‍റം ഘോഷയാത്രയ്ക്ക് പോയി വരുകയായിരുന്ന പതിനേഴുകാരനെ തല്ലിക്കൊന്നു

Update: 2025-07-08 14:55 GMT

ചുരു(രാജസ്ഥാന്‍): മുഹര്‍റം ഘോഷയാത്രയ്ക്ക് പോയി വരുകയായിരുന്ന പതിനേഴുകാരനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരുവില്‍ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. ഗൗരി കോളനി നാലാം വാര്‍ഡില്‍ താമസിക്കുന്ന ഷാറൂഖ് എന്ന കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നടന്ന ഘോഷയാത്ര കാണാനാണ് ഷാറൂഖും സുഹൃത്തുക്കളും പോയത്. അത് കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ വൈറ്റ് ക്ലോക്ക് ടവറിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാറൂഖിനെ ഡിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് മണ്ഡേലിയ ഷാറൂഖിന്റെ വീട് സന്ദര്‍ശിച്ച് നീതി ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഡിഎസ്പി സുനില്‍ ജജാരിയ പറഞ്ഞു.