ഹിന്ദു ഉല്‍സവത്തിന്റെ പൊതു അന്നദാനത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച മുസ്‌ലിം യുവാവിനെതിരേ കേസ്

Update: 2025-07-19 04:12 GMT

മൊറാദാബാദ്: ഹിന്ദു മതപരിപാടിയുടെ ഭാഗമായ പൊതു അന്നദാനത്തില്‍ പങ്കെടുത്ത മുസ്‌ലിം യുവാവിനെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന ഭണ്ഡാര എന്ന പരിപാടിയില്‍ ഭക്ഷണം കഴിച്ച ഫൈസ്(21)എന്ന യുവാവിനെതിരെയാണ് കേസ്. സംഭല്‍ ജില്ലയിലെ നയാ ഗാവോണ്‍ സ്വദേശിയായ ഫൈസ് ഹരിദ്വാറില്‍ നിന്ന് തിരികെ വരവെ ഗാന്ധിപാര്‍ക്ക് പ്രദേശത്ത് ബസ് ഇറങ്ങി ഭണ്ഡാരയില്‍ പോയി ഭക്ഷണം കഴിക്കുകയായിരുന്നു. ഫൈസിനെ കണ്ട് സംശയം തോന്നിയവര്‍ ചോദ്യം ചെയ്യുകയും പോലിസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഫൈസ് പൊതു അന്നദാനത്തില്‍ പങ്കെടുത്തത് പ്രസാദം നശിക്കാന്‍ കാരണമായെന്നും അവന്റെ ഉദ്ദേശ്യങ്ങള്‍ ശരിയല്ലെന്നും അന്നദാന സംഘാടകനായ നീരജ് കുമാര്‍ പോലിസില്‍ നല്‍കിയ പരാതി പറയുന്നു.


സംഭവത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പൊതുസ്ഥലത്ത് നിന്ന് വെള്ളം കുടിക്കുന്നതിന് മുമ്പ് മുസ്‌ലിംകള്‍ രണ്ടുതവണ ചിന്തിക്കേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഭാരവാഹി മൗലാനാ അര്‍ഷദ് മദനി പറഞ്ഞു. '' മനുഷ്യത്വം പോലും തിരഞ്ഞെടുക്കപ്പെടുന്ന കാലമാണിത്. ഈ ഇന്ത്യക്ക് വേണ്ടിയല്ല നമ്മുടെ പൂര്‍വികര്‍ പോരാടിയത്.''-അദ്ദേഹം പറഞ്ഞു.

ഫൈസിനെതിരെ പരാതി നല്‍കിയ സംഘാടകരെ പ്രദേശത്തെ വിരമിച്ച അധ്യാപകനായ വിശ്വനാഥ് ശുക്ല വിമര്‍ശിച്ചു. ''പാവപ്പെട്ടവരുടെ ദൈവമായി നാം ശിവനെ ആരാധിക്കുന്നു. ക്ഷേത്രങ്ങള്‍ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പണം. വിശന്ന ഒരു ആണ്‍കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ലജ്ജാകരമാണ്. മതം ഇത് നമ്മെ പഠിപ്പിക്കുന്നില്ല.''-അദ്ദേഹം പറഞ്ഞു.

ജാതി, വര്‍ഗം, മതം എന്നിവ നോക്കാതെയാണ് ഭണ്ഡാരകള്‍ മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഒഴിഞ്ഞ വയറുമായി വരുന്നവരെ സ്വീകരിക്കുന്ന രീതിയാണ് സിഖ് ലങ്കാറുകള്‍, മുസ്‌ലിം നിയാസുകള്‍ എന്നിവ സ്വീകരിക്കാറ്.