നിര്‍ബന്ധിച്ച് മതം മാറ്റി വിവാഹം കഴിപ്പിച്ചെന്ന് മുസ്‌ലിം യുവതി; അന്വേഷണം ആരംഭിച്ചെന്ന് പോലിസ്
യമുനാനഗര്‍: മുസ്‌ലിം യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിച്ച് വിവാഹം കഴിപ്പിച്ചെന്ന് ആരോപണം. ഹരിയാനയിലെ യമുനാ നഗര്‍ സ്വദേശിനിയായ ശബാനയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചത്. മംഗേ രാം എന്ന യുവാവിനും കുടുംബത്തിനും എതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. തനിക്ക് ഇസ്‌ലാം സ്വീകരിക്കണമെന്നും യുവതി വീഡിയോയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളുടെ പ്രണയ വിവാഹത്തെ എതിര്‍ത്ത ശബാനയുടെ വീട്ടുകാര്‍ ശബാനയെ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് തയ്യാറാക്കിയതാണ് വീഡിയോയെന്ന് മംഗേ രാം ആരോപിച്ചു. ശബാനയും മംഗേ റാമും കാറില്‍ പോവുമ്പോള്‍ ശബാനയുടെ വീട്ടുകാര്‍ എത്തി തോക്കുചൂണ്ടി ശബാനയെ തട്ടിക്കൊണ്ടുപോയെന്നാണ് അവരുടെ ആരോപണം. സംഭവത്തെ കുറിച്ച് അറിഞ്ഞെന്നും ശബാനയെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ചച്ച്രൗളി പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജായ രോഹ്താഷ് സിങ് പറഞ്ഞു. യുവതിയുടെ മൊഴി എടുത്താലെ കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.