വിവാഹസമയത്തെ സ്വര്‍ണവും പണവും സമ്മാനവും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: വിവാഹസമയത്ത് തന്റെ കുടുംബവും ബന്ധുക്കളും ഭര്‍ത്താവിന് നല്‍കിയ സ്വര്‍ണവും പണവും സമ്മാനങ്ങളും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണമെന്ന് സുപ്രിംകോടതി. 1986ലെ മുസ്‌ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ഈ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്. 2024 ജനുവരിയിലെ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ റൂസനാര ബീഗം സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍ കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചു.
വിവാഹസമയത്ത് ഭര്‍ത്താവിന് സ്വര്‍ണവും ഏഴു ലക്ഷം രൂപയും നല്‍കിയിരുന്നതായി റൂസനാര ബീഗം കുടുംബകോടതിയില്‍ നല്‍കിയ കേസില്‍ പറഞ്ഞിരുന്നു. ഈ പണം തിരികെ നല്‍കണമെന്ന് കുടുംബകോടതി ഉത്തരവിട്ടു. എന്നാല്‍, ഭര്‍ത്താവ് സലാഹുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി. അതിനാല്‍ റൂസനാര ബീഗം സുപ്രിംകോടതിയെ സമീപിച്ചു. ഇത്തരം കേസുകളില്‍ സാമൂഹിക നീതിയുടെ അടിസ്ഥാനത്തില്‍ വിധി പറയണമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. മുസ്‌ലിം സ്ത്രീയുടെ അന്തസും സാമ്പത്തികസംരക്ഷണവും ഉറപ്പാക്കുന്ന തരത്തില്‍ 1986ലെ നിയമത്തെ വായിക്കണം. അന്തസോടെ ജീവിക്കാനുളള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21ാം അനുഛേദത്തില്‍ നിന്നാണ് ഈ വിധി ഉല്‍ഭവിക്കുന്നതെന്നും കോടതി വിശദീകരിച്ചു. 2005 ആഗസ്റ്റ് 28നാണ് സലാഹുദ്ദീനും റൂസനാര ബീഗവും വിവാഹിതരായത്. 211 ഡിസംബര്‍ പതിനൊന്നിന് വിവാഹമോചിതരായി.