ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം നേടാം: തെലങ്കാന ഹൈക്കോടതി

Update: 2025-06-25 13:02 GMT

ഹൈദരാബാദ്: ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം വിവാഹമോചനം നേടാന്‍ മുസ്‌ലിം സ്ത്രീക്ക് സമ്പൂര്‍ണ അവകാശമുണ്ടെന്ന് തെലങ്കാന ഹൈക്കോടതി. വിവാഹബന്ധത്തില്‍ താല്‍പര്യമില്ലെങ്കില്‍ അത് ഒഴിവാക്കാന്‍ സ്ത്രീക്ക് ഖുല്‍അ് അവകാശം നല്‍കുന്നു. മുഫ്തിയില്‍ നിന്നോ ദാറുല്‍ ഖദായില്‍ നിന്നോ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് പോലും മുസ്‌ലിം സ്ത്രീ വാങ്ങേണ്ടതില്ലെന്നും ജസ്റ്റിസുമാരായ മൗഷുമി ഭട്ടാചാര്യ, മധുസൂദനന്‍ റാവു എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഖുല്‍അ് ആവശ്യപ്പെടാനുള്ള സ്ത്രീയുടെ അവകാശം സമ്പൂര്‍ണമായതിനാല്‍ അതില്‍ ഒപ്പിടുക മാത്രമാണ് കോടതികള്‍ ചെയ്യേണ്ടത്. അത് ഇരുകൂട്ടര്‍ക്കും ബാധകമായിരിക്കും.

ഭാര്യ തന്നെ വിവാഹമോചനം ചെയ്‌തെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ അപ്പീല്‍ ഹൈക്കോടതി തള്ളി. ഖുര്‍ആനില്‍ സ്ത്രീയുടെ വിവാഹമോചന അവകാശത്തെ കുറിച്ച് വ്യക്തമായി പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി.