വഖ്ഫ് നിയമഭേദഗതി ബില്ല് ഭരണഘടനാവിരുദ്ധം; നിയമം പാസാക്കിയാലും അംഗീകരിക്കില്ല: മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്
ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ബില്ല് ഭരണഘടനാവിരുദ്ധമാണെന്നും അത് നിയമമായാലും അംഗീകരിക്കില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്. രാജ്യത്തെ മുസ്‌ലിംകളുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും സംയുക്ത പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വീക്ഷണങ്ങളെയും പൂര്‍ണ്ണമായും അവഗണിച്ച് ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവന്നത് ദൗര്‍ഭാഗ്യകരമാണ്. ബില്ല് പാര്‍ലമെന്റില്‍ പാസായാല്‍ അതിനെ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ല. അന്യായമായ നിയമം പിന്‍വലിക്കുന്നതു വരെ നീതിയെ സ്‌നേഹിക്കുന്ന ദേശസ്‌നേഹികളായ പൗരന്മാരുമായും മതവിഭാഗങ്ങളുമായും സഹകരിച്ച് സമാധാനപരവും നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതിഷേധിക്കുമെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വഖ്ഫ് സ്വത്തുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന, മുസ്‌ലിംകളുടെ പള്ളികള്‍, ഈദ്ഗാഹുകള്‍, മദ്‌റസകള്‍, ദര്‍ഗകള്‍, ഖബറിസ്ഥാനുകള്‍ എന്നിവ പിടിച്ചെടുക്കാനും സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന ബില്ല് പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും അവസരമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാനും 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന പ്രഖ്യാപനം ഉയര്‍ത്തിപ്പിക്കാനും സര്‍ക്കാരിനുള്ള മാര്‍ഗമാണിത്.
മുസ്‌ലിംകളിലെ എല്ലാ വിഭാഗങ്ങളിലെയും പണ്ഡിതരും മത-സാമുദായിക സംഘടനകളും ബുദ്ധിജീവികളും അടക്കം ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ കോടിക്കണക്കിന് മുസ്‌ലിംകള്‍ എതിര്‍പ്പുകള്‍ ഇ-മെയില്‍ വഴി അറിയിച്ചു. നിയമം ബാധിക്കുന്ന വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്നത് അടിസ്ഥാന ജനാധിപത്യ തത്വമാണ്. പക്ഷേ, അത് അവഗണിക്കപ്പെട്ടു. മുസ്‌ലിം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് പക്ഷപാതപരവും വിവേചനപരവും ശത്രുതാപരവുമാണെന്നതാണ് വസ്തുത. ഇത് നിരുത്തരവാദപരവും ഭരണഘടനാമൂല്യങ്ങളുടെയും ന്യൂനപക്ഷ സംരക്ഷണ വ്യവസ്ഥകളുടെയും നേരിട്ടുള്ള ലംഘനമാണ്. അതിനാല്‍, ബിജെപിയുടെ സഖ്യകക്ഷികള്‍ അടക്കമുള്ളവര്‍ ബില്ല് നിയമമാവാതിരിക്കാന്‍ ശ്രമിക്കണം. ഈ ബില്ലിനെ തള്ളിപ്പറയാന്‍ സിവില്‍ സമൂഹത്തോടും നീതിയെ സ്‌നേഹിക്കുന്ന പൗരന്മാരോടും ജനാധിപത്യ-ഭരണഘടന-മത-സംസ്‌കാരിക സംഘടനകളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഈ ബില്ല് പാസായാല്‍ അത് മുസ്‌ലിംകളെ മാത്രമല്ല, മറ്റ് മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെയും ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെയും എല്ലാ എന്‍ഡോവ്‌മെന്റുകള്‍ക്കെതിരെയും അപകടകരമായ മാതൃകയും സൃഷ്ടിക്കും.
ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കൊണ്ടുവന്ന ഏകസിവില്‍ കോഡ് ആശങ്കജനിപ്പിക്കുന്നതാണെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവില്‍ കോഡിന്റെ കരട് തയ്യാറാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഒരു സംസ്ഥാനത്തിനും ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ അധികാരമില്ല. ഭരണഘടനയുടെ 44ാം അനുഛേദം പ്രകാരം ഏക സിവില്‍ കോഡ് രാജ്യത്ത് നിര്‍ബന്ധമില്ല. എന്നിട്ടും പിഴവുകള്‍ നിറഞ്ഞതും മതപരമായ പക്ഷപാതവമുള്ള നിയമം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കുകയാണ്. ഇത് അപലപനീയമാണ്. നിയമം മുസ്‌ലിം വിരുദ്ധവും പാശ്ചാത്യ സംസ്‌കാരങ്ങളുടെ പകര്‍പ്പുമാണ്. നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യും. കൂടാതെ വിവിധ സമുദായങ്ങളുമായി ചേര്‍ന്ന് ഐക്യപ്രസ്ഥാനവും ആരംഭിക്കും. ഉത്തരാഖണ്ഡിലെ മുസ്‌ലിംകള്‍ ശരീഅത്ത് പാലിക്കുന്നതില്‍ ഉറച്ചുനില്‍ക്കണമെന്നും ക്ഷമയോടെ വിശ്വാസം ഉയര്‍ത്തിപ്പിടിക്കണമെന്നും മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസിഡന്റ് മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി, മൗലാനാ സയ്യിദ് അര്‍ഷദ് മദനി, മൗലാനാ ഉബൈദുല്ലാ ഖാന്‍ ആസ്മി, മൗലാനാ മുഹമ്മദലി മുഹ്‌സിന്‍ തഖ്‌വി,മൗലാനാ മുഹമ്മദ് ഫസ്‌ലുര്‍റഹിം മുജദ്ദിദി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ മാലിക് മുഅ്തസിം ഖാന്‍, മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് വക്താവ് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

