വെള്ളാപ്പള്ളി ആരോപിച്ചതിന്റെ മൂന്നിലൊന്ന് സ്‌കൂളുകള്‍ പോലും മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് ഇല്ല

Update: 2026-02-04 02:28 GMT

തിരുവനന്തപുരം: കേരളത്തില്‍ മുസ്‌ലിങ്ങള്‍ക്ക് 4020 എയ്ഡഡ് സ്‌കൂളുകളുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കള്ളമെന്ന് നിയമസഭ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തം. മലപ്പുറം, കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളുടെ കണക്ക് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ വെച്ചു. 1162 എണ്ണമാണ് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ കണക്കുകള്‍ ഉള്‍പ്പെടുത്താതെ ഈഴവ വിഭാഗത്തിന് 403 സ്‌കൂളുകളും നായര്‍ വിഭാഗത്തിന് 565 സ്‌കൂളുകളുമുണ്ട്.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഈഴവ മാനേജ്‌മെന്റുകള്‍ക്ക് കൂടുതല്‍ സ്‌കൂളുകളുള്ളത്. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 4212 എയ്ഡഡ് സ്‌കൂളുകളുടെ കണക്കാണ് മന്ത്രി നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കാണ് -1254. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളുടെയും എണ്ണം മറുപടിയിലുണ്ടെങ്കിലും ഈ ജില്ലകളില്‍ ഈഴവ, നായര്‍ ഒഴികെയുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള എണ്ണം പ്രത്യേകം നല്‍കിയിട്ടില്ല. മറ്റുള്ളവ എന്ന വിഭാഗത്തില്‍ 828 സ്‌കൂളുകളുണ്ട്. വെള്ളാപ്പള്ളി ആരോപിച്ചതിന്റെ മൂന്നിലൊന്ന് സ്‌കൂളുകള്‍ പോലും മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് ഇല്ലെന്ന് മറുപടി വ്യക്തമാക്കുന്നു.