രണ്ടാം വിവാഹം കഴിച്ച മുസ്‌ലിം ഭര്‍ത്താവിന് ആദ്യ ഭാര്യയെ പരിപാലിക്കാന്‍ സാമ്പത്തികശേഷിയില്ലെന്ന് വാദിക്കാന്‍ കഴിയില്ല: ഹൈക്കോടതി
കൊച്ചി: ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാം വിവാഹം കഴിച്ച മുസ്‌ലിം ഭര്‍ത്താവിന് ആദ്യ ഭാര്യയെ പരിപാലിക്കാന്‍ സാമ്പത്തിക സ്ഥിതിയില്ലെന്ന് വാദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ആദ്യ ഭാര്യയ്ക്ക് ജീവനാംശം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച റിവിഷന്‍ ഹരജി തള്ളിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ഭര്‍ത്താവിന് ജോലിയില്ലെന്നും ബ്യൂട്ടി പാര്‍ലര്‍ നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ആദ്യ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ യാതൊരു മാര്‍ഗവുമില്ലെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു.
2015ല്‍ ഭാര്യ മതിയായ കാരണമില്ലാതെ വീട്ടില്‍ നിന്ന് പോയി. അതിനാല്‍ സിആര്‍പിസിയിലെ 125(4) പ്രകാരം ജീവനാംശത്തിന് അര്‍ഹതയില്ല. രണ്ടാമത്തെ ഭാര്യയെ പരിപാലിക്കേണ്ടതിനാല്‍ ആദ്യ ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍, ഈ വാദം കോടതി തള്ളി. ഏകഭാര്യത്വം ഒരു നിയമമാണെന്നും ബഹുഭാര്യത്വം മുസ്‌ലിം നിയമത്തിലെ പ്രത്യേകതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ''അസാധാരണവുമായ സാഹചര്യങ്ങളില്‍, എല്ലാ ഭാര്യമാരെയും തുല്യമായും തുല്യമായും പരിഗണിക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശത്തിന്റെ കീഴില്‍ മുസ്‌ലിം പുരുഷന്മാര്‍ക്ക് ബഹുഭാര്യത്വം അനുവദനീയമാണ്. സഹഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താനുള്ള കഴിവ് ബഹുഭാര്യത്വത്തിന് ഒരു മുന്‍വ്യവസ്ഥയാണ്.''-കോടതി പറഞ്ഞു.