റമദാന്‍: മുസ് ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച് തെലങ്കാനയും ആന്ധ്രാപ്രദേശും
ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ എല്ലാ മുസ് ലിം ജീവനക്കാര്‍ക്ക് ഓഫിസുകളില്‍ ഒരു മണിക്കൂര്‍ ഇളവ് നല്‍കി തെലങ്കാന, ആന്ധ്രാ പ്രദേശ് സര്‍ക്കാരുകള്‍. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മുസ്‌ലിം ജീവനക്കാര്‍, അധ്യാപകര്‍, കരാര്‍, ഔട്ട്സോഴ്സിംഗ് ജീവനക്കാര്‍, ബോര്‍ഡുകള്‍/കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് റമദാന്‍ മാസത്തില്‍ വൈകുന്നേരം 4 മണിക്ക് ഓഫീസുകളില്‍ നിന്നും/സ്‌കൂളുകളില്‍ നിന്നും പോകാന്‍ അനുവാദം നല്‍കുന്ന മെമ്മോ ചൊവ്വാഴ്ച തെലങ്കാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു പുറപ്പെടുവിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയാണ് ജോലി സമയത്തില്‍ ഇളവ് നല്‍കിയിട്ടുള്ളത്. ആന്ധ്രാപ്രദേശ് ഇളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
റംദാന്‍ മാസത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തന സമയം പരിഷ്‌കരിക്കാന്‍ തെലങ്കാനയിലെ സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയാണ് പരിഷ്‌കരണം. എല്ലാ ഉറുദു മീഡിയം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും പാരലല്‍ മീഡിയം സ്‌കൂളുകളിലെയും കോളേജുകളിലെയും ഉറുദു മീഡിയം വിഭാഗങ്ങളും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ക്ലാസുകള്‍ നടത്തും.
ഈ കാലയളവില്‍ പഠന സമയത്തിലെ കുറവ് പരിഹരിക്കുന്നതിന്, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ നഷ്ടപ്പെട്ട സമയം ഒരു ദിവസം കൂടി ജോലി ചെയ്തുകൊണ്ട് നികത്തേണ്ടതുണ്ട്.
പ്രൈമറി സ്‌കൂളുകള്‍ രണ്ട് വ്യത്യസ്ത പ്രവൃത്തി ദിവസങ്ങളില്‍ അവരുടെ ദൈനംദിന ഷെഡ്യൂള്‍ 30 മിനിറ്റ് കൂടി നീട്ടണം. എല്ലാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും ഹെഡ്മാസ്റ്റര്‍മാരും ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ പ്രാദേശിക, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 19 വരെ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് ആന്ധ്രാപ്രദേശ് ന്യൂനപക്ഷ ക്ഷേമ മന്ത്രി എന്‍എംഡി ഫാറൂഖ് കഴിഞ്ഞ ആഴ്ച പറഞ്ഞു.
അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍, ഔട്ട്സോഴ്സിംഗ് ഉദ്യോഗസ്ഥര്‍, ഗ്രാമ, വാര്‍ഡ് സെക്രട്ടേറിയറ്റുകള്‍ - സ്വര്‍ണ്ണഗ്രാമ, സ്വര്‍ണ്ണവാര്‍ഡ് സെക്രട്ടേറിയറ്റുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകളിലുടനീളമുള്ള എല്ലാ മുസ്‌ലിം ജീവനക്കാര്‍ക്കും ഈ സൗകര്യം ബാധകമാകും.

