മുസ്‌ലിം ഡെലിവറി ബോയിയെ മതത്തിന്റെ പേരില്‍ ആക്രമിച്ചു

Update: 2025-10-09 07:34 GMT

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ പഴയ നഗരത്തില്‍ മതത്തിന്റെ പേരില്‍ ഡെലിവറി ബോയി ആക്രമിക്കപ്പെട്ടു. തലാബ് കട്ട നിവാസിയായ മുഹമ്മദ് നദീമാണ് ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രി മൊഗല്‍പുരയിലാണ് സംഭവം. സുല്‍ത്താന്‍ ഷാഹി എന്നയാള്‍ക്ക് പാഴ്‌സല്‍ നല്‍കാന്‍ പോയപ്പോഴാണ് വഴിയില്‍ വച്ച് ഒരു സംഘം പേരും മതവും ചോദിച്ച് ആക്രമിച്ചത്. പരിക്കേറ്റ നദീമിന് ഉസ്മാനിയ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം, പരാതി നല്‍കാന്‍ മുഗള്‍പുര പോലിസ് സ്റ്റേഷനിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു. മജ്ലിസ് ബച്ചാവോ തെഹ്രീക്ക് വക്താവ് അംജദുള്ള ഖാന്‍ നദീമിനെ സന്ദര്‍ശിക്കുകയും കുറ്റവാളികള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ പോലിസ് കേസെടുത്തു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.