മുര്‍ഷിദാബാദ് അക്രമം പോലിസിന്റെ അനാസ്ഥമൂലം; ബിഎസ്എഫ് വിവേചനം കാണിച്ചു: പൗരാവകാശ സംഘടനകള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ഷംഷേര്‍ഗഞ്ചില്‍ ഏപ്രില്‍ മാസത്തിലുണ്ടായ അക്രമങ്ങള്‍ പോലിസിന്റെയും ബിഎസ്എഫിന്റെയും വിവേചനപരമായ നടപടികള്‍ മൂലമാണെന്ന് പൗരാവകാശ സംഘടനകള്‍. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സും ബന്ദ മുക്തി മോര്‍ച്ചയും സംയുക്തമായി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഷംഷേര്‍ഗഞ്ചില്‍ സംഘര്‍ഷമുണ്ടായത്. അക്രമസംഭവങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും മുഴുവന്‍ ഗ്രാമങ്ങള്‍ക്കും തീയിട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇജാസ് അഹമദ് എന്ന യുവാവ് ബിഎസ്എഫിന്റെ വെടിയേറ്റാണ് മരിച്ചത്. അന്ന് തന്നെ 13 പേര്‍ക്ക് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ബിഎസ്എഫ് യൂണിഫോമിലുള്ളവര്‍ ചെരിപ്പ് ധരിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ബിജെപി-ആര്‍എസ്എസ് മിലിഷ്യകള്‍ ബിഎസ്എഫ് യൂണിഫോമില്‍ എത്തിയെന്ന് സാക്ഷികള്‍ പറയുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത 300 കേസുകളില്‍ പ്രത്യേക വ്യത്യാസങ്ങളൊന്നുമില്ല. പലതിലും പേരുകള്‍ക്ക് മാത്രമാണ് മാറ്റമുള്ളത്. ഒരു കേസിന്റെ പകര്‍പ്പാണ് അവയെല്ലാമെന്ന് തോന്നുന്നു. ആരോപണങ്ങളെല്ലാം പൊതുവില്‍ ഒന്നാണ്. ഇത് തന്നെ പോലിസിന്റെ വര്‍ഗീയ പക്ഷപാതിത്വം തുറന്നു കാട്ടുന്നു. വ്യാജവും ഇസ്‌ലാമോഫോബിക്കുമായ പരാതികളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദലിതുകളും മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
