പശ്ചിമബംഗാള്‍ സ്വദേശി ജാര്‍ഖണ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍; തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയെന്ന് കുടുംബം, മുര്‍ഷിദാബാദില്‍ പ്രതിഷേധം

Update: 2026-01-17 03:15 GMT

മുര്‍ഷിദാബാദ്: ജാര്‍ഖണ്ഡില്‍ ജോലിക്ക് പോയ പശ്ചിമബംഗാള്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുര്‍ഷിദാബാദില്‍ ശക്തമായ പ്രതിഷേധം. മുര്‍ഷിദാബാദ് സ്വദേശിയായ അലാവുദ്ദീന്‍ ശെയ്ഖിനെയാണ് ജാര്‍ഖണ്ഡിലെ വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിമിനലുകള്‍ അലാവുദ്ദീനെ മര്‍ദ്ദിച്ച ശേഷം കെട്ടിത്തൂക്കിയതാണെന്ന് മാതാവ് ആരോപിച്ചു. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് ചിലര്‍ അലാവുദ്ദീനെ നിരന്തരമായി പീഡിപ്പിക്കാറുണ്ടായിരുന്നതായും അവര്‍ അറിയിച്ചു. മരണവാര്‍ത്ത പരന്നതിനെ തുടര്‍ന്ന് മുര്‍ഷിദാബാദിലെ ബെല്‍ദാംഗയില്‍ പ്രതിഷേധക്കാര്‍ ഡെല്‍ഹൗസി-ബഖാലി ദേശീയപാത ഉപരോധിച്ചു. വടക്കന്‍ ബംഗാളിനെയും കൊല്‍ക്കത്തയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് മണിക്കൂറുകളോളം അടഞ്ഞുകിടന്നു.


ബെല്‍ദാംഗ റെയില്‍വേ സ്‌റ്റേഷനും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം തൊഴിലാളികള്‍ പീഡനത്തിന് ഇരയാവുന്നതായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ആധിര്‍രഞ്ചന്‍ ചൗധരി അലാവുദ്ദീന്റെ കുടുംബം സന്ദര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഫോണില്‍ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി.