മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 529 കോടി ചെലവഴിക്കുന്നതില്‍ യോഗം

Update: 2025-02-15 01:31 GMT

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ വായ്പയായി അനുവദിച്ച 529 കോടി ചെലവഴിക്കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ യോഗം ചേരും. ഇന്നോ തിങ്കളാഴ്ച്ചയോ ആയിരിക്കും യോഗം. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഒന്നരമാസം മാത്രം ബാക്കിയുള്ളതിനാലാണ് അടിയന്തര നീക്കം.

ദുരന്തബാധിതര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം പലിശരഹിത വായ്പയായി 529 കോടി രൂപ അനുവദിച്ചത്. ഈ തുക ചെലവഴിച്ച് മാര്‍ച്ച് 31നകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിക്കാന്‍ തീരുമാനിച്ചത്. ധന-റവന്യൂ-പൊതുമരാമത്ത്-തദേശവകുപ്പ് സെക്രട്ടറിമാരും കെഎസ്ഇബി, ജലഅതോറിറ്റി മേധാവികളും ചര്‍ച്ചയില്‍ പങ്കെടുക്കും.