മുനമ്പത്തെ 404.76 ഏക്കര്‍ വഖ്ഫ് ഭൂമി റിസര്‍വ്വേ നടത്തി ആശങ്കകള്‍ നീക്കണം: വഖ്ഫ് സംരക്ഷണ വേദി
ജനുവരി 24ന് പറവൂര്‍ മുനിസിപ്പല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ''മുനമ്പം 404.76 ഏക്കര്‍ വഖ്ഫ് ഭൂമി സത്യവും മിഥ്യയും'' പൊതുസമ്മേളനം നടക്കും
കൊച്ചി: മുനമ്പത്തെ സിദ്ധീഖ് സേട്ട് വഖ്ഫ് ആയി നല്‍കിയ 404.76 ഏക്കര്‍ ഭൂമി വഖ്ഫ് ആണെന്നുള്ളതിന് നിരവധി സര്‍ക്കാര്‍ രേഖകള്‍ തെളിവായുണ്ടെന്ന് വഖ്ഫ് സംരക്ഷണ വേദി ചെയര്‍മാന്‍ ഷാജഹാന്‍ ഹാജി. ഈ ഭൂമി വഖ്ഫ് ആണെന്ന് 1971ല്‍ പറവൂര്‍ കോടതി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി ശരിവെച്ചു. കോടതിയില്‍ സമര്‍പ്പിച്ച മൂന്നു സത്യവാങ്മൂലങ്ങളില്‍ ഫാറൂഖ് കോളജും ഈ ഭൂമി വഖ്ഫ് ആണെന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുനമ്പം കമ്മീഷന് മുന്നില്‍ മറിച്ചൊരു നിലപാട് എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ റെവന്യൂ ഭൂമി നിരവധി പേര്‍ കൈയ്യേറിയിട്ടുണ്ടെന്നാണ് കമ്മീഷനെ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അറിയിച്ചിരിക്കുന്നതെന്ന് അഡ്വക്കേറ്റ് എം എം അലിയാര്‍ ചൂണ്ടിക്കാട്ടി. ആ ഭൂമി തിരിച്ചുപിടിക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെടുന്നുണ്ട്. പ്രദേശത്തെ 300 ഏക്കര്‍ ഭൂമി കടലെടുത്തു പോയെന്നാണ് കൈയ്യേറ്റക്കാര്‍ വാദിക്കുന്നത്. എന്നാല്‍, വഖ്ഫ് ഭൂമിയുടെ ഇരുവശങ്ങളിലുമുള്ള ഒരു തുണ്ട് ഭൂമി പോലും കടലെടുത്ത് പോയിട്ടില്ല. 404.76 ഭൂമിയിലെ കൈയ്യേറ്റങ്ങള്‍ കിഴിച്ചാല്‍ പോലും 55 ഏക്കര്‍ ഭൂമി ബാക്കിയുണ്ടെന്നാണ് 2009ലെ സര്‍വേ റിപോര്‍ട്ട് പറയുന്നത്. എന്നിട്ടും ഒരു സെന്റ് സ്ഥലം പോലും ബാക്കിയില്ലെന്നാണ് ഇപ്പോള്‍ പ്രചരണം നടത്തുന്നത്. കൂടാതെ നിര്‍ദിഷ്ട വഖ്ഫ് ഭൂമിയില്‍ 620 കുടുംബങ്ങള്‍ ഉണ്ടെന്നാണ് അവിടെ ഉള്ളവര്‍ പറയുന്നത്. എന്നാല്‍, മറ്റു രേഖകളില്‍ ഇവരുടെ എണ്ണം 200ല്‍ താഴെയാണ്. ഏറ്റവും സുപ്രധാനമായിട്ടുള്ളത് ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണന വിഷയത്തില്‍ ഒന്നാമത്തേത് 18/1 ല്‍ ഉള്‍പ്പെട്ട വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക എന്നതാണ്. ഇതെല്ലാം പരിഗണിച്ച് ജൂഡിഷ്യല്‍ കമ്മീഷന്റെയും പ്രദേശവാസികളുടെയും പരാതിക്കാരുടെയും സാന്നിധ്യത്തില്‍ ഡിജിറ്റല്‍ റീസര്‍വ്വേ നടത്തണമെന്ന് അഡ്വക്കേറ്റ് എം എം അലിയാര്‍ ആവശ്യപ്പെട്ടു.
മുനമ്പത്തെ 404.76 ഏക്കര്‍ വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു വഖ്ഫ് ബോര്‍ഡില്‍ ഏല്‍പ്പിക്കുന്നതുവരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് വൈസ് ചെയര്‍മാന്‍ സുന്ന ജാന്‍, വി എം ഫൈസല്‍ എന്നിവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി 24.01.25 വെള്ളിയാഴ്ച വൈകിട്ട് നാലിന് പറവൂര്‍ മുനിസിപ്പല്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ''മുനമ്പം 404.76 ഏക്കര്‍ വഖ്ഫ് ഭൂമി സത്യവും മിഥ്യയും'' എന്ന വിഷയത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കും. വി എച്ച് അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പി എ പ്രേം ബാബു, ഡോ. ഹാഫിസ് ജുനൈദ് ജവ്ഹരി അല്‍ അസ്ഹരി എന്നിവര്‍ സംസാരിക്കും. അബ്ദുല്ല മണ്ണാന്ത്ര, ഇല്യാസ് എടവനക്കാട്, ലുക്മാന്‍ വെളിയത്ത്‌നാട് എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
