കോഴിക്കോട്: വഖ്ഫ് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണായി ടി കെ മിനിമോള്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. നിലവില്‍ ജില്ലാ ജഡ്ജിയാണ് മിനിമോള്‍. മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി മിനി മോളായിരിക്കും പരിഗണിക്കുക. മുനമ്പത്തെ ഭൂമിയെ വഖ്ഫായി രജിസ്റ്റര്‍ ചെയ്ത വഖ്ഫ് ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് ഫാറൂഖ് കോളജ് നല്‍കിയ കേസും ആ ഭൂമിയില്‍ താമസിക്കുന്നു എന്നു പറയുന്നവര്‍ നല്‍കിയ കേസും ട്രിബ്യൂണലിന്റെ പരിഗണനയിലുണ്ട്.
1995ലെ വഖ്ഫ് നിയമപ്രകാരമായിരിക്കും കേസ് പരിഗണിക്കുക എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 2025ലെ നിയമഭേദഗതി വരുന്നതിന് മുമ്പ് കേസ് തുടങ്ങിയതാണ് കാരണം. 2025ലെ നിയമഭേദഗതിയിലെ സെക്ഷന്‍ മൂന്നിന് മാത്രമാണ് മുന്‍കാല പ്രാബല്യമുള്ളത്. വഖ്ഫിന് സമാനമായ ലക്ഷ്യങ്ങള്‍ക്കായി മുസ്‌ലിംകള്‍ രൂപീകരിക്കുന്ന ട്രസ്റ്റുകളുമായി ബന്ധപ്പെട്ട ഭേദഗതിയാണ് അത്. അതിനാല്‍ കേസിലെ പ്രധാന വിഷയങ്ങള്‍ക്ക് 1995ലെ നിയമമമായിരിക്കും ബാധകം. നടപടി ക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാമെന്നും നിയമവിദഗ്ദര്‍ പറയുന്നു.