മുനമ്പം വഖ്ഫ് ഭൂമി സമര സമിതിയില്‍ പിളര്‍പ്പ്, വിമതര്‍ പുതിയ സമരത്തിലേക്ക്
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയില്‍ അവകാശം ഉന്നയിച്ച് ഭൂസംരക്ഷണസമിതി എന്ന പേരില്‍ നടത്തിവന്ന നിരാഹാരസമരം 414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിച്ചു. മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിലെത്തി നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്റെ നയം ഇവരെ ആരെയും ഇറക്കിവിടാന്‍ അനുവദിക്കില്ലെന്നതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ് മുഖേന വഖ്ഫ് ഭൂമിയില്‍ കരമടയ്ക്കാനുള്ള അവകാശം ലഭിക്കുകയും പോക്കുവരവ് നടത്താന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് പി രാജീവ് ഉറപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ഭൂസംരക്ഷണസമിതി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, ഒരു വിഭാഗം ഈ സമരപന്തല്‍ വിട്ട് പുതിയ സമരത്തിന് തുടക്കം കുറിച്ചു. മുനമ്പം സമരസമിതി എന്ന പുതിയ സംഘടന രൂപവത്കരിച്ച് അനിശ്ചിതകാലസമരം ആരംഭിക്കുകയായിരുന്നു. സമ്പൂര്‍ണ റവന്യൂ അവകാശങ്ങള്‍ നല്‍കുംവരെ സമരം തുടരുമെന്ന് കഴിഞ്ഞദിവസംവരെ പറഞ്ഞിരുന്ന ഭൂസംരക്ഷണ സമിതി ഇപ്പോള്‍ സമരം അവസാനിപ്പിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് പുതിയ സമിതിയുടെ നേതൃത്വം പറയുന്നു.