മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുനമ്പത്തെ വഖ്ഫ് ഭൂമി വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാന്‍ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഇടക്കാല ബെഞ്ചിന്റെ ഉത്തരവ്. നിയമപരമായ നടപടിക്രമങ്ങള്‍ മറികടന്ന് അധികാരപരിധി വിട്ടാണ് കേരള ഹൈക്കോടതി ഉത്തരവ് പുറപ്പടുവിച്ചതെന്ന് ഹരജിക്കാര്‍ വാദിച്ചു. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തര്‍ക്കം ഉണ്ടായാല്‍ വഖ്ഫ് ട്രിബ്യുണലിന് മാത്രമേ അതില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിയൂ. നേരിട്ട് ഫയല്‍ ചെയ്യുന്ന റിട്ട് അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് അവകാശമില്ല. മുനമ്പത്തെ ഭൂമി വഖ്ഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോര്‍ഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാല്‍ വഖ്ഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും മുനമ്പത്തെ ഒരു വിഭാഗം കൈയ്യേറ്റക്കാരും എതിര്‍ത്തു.
മുനമ്പത്തെ വഖ്ഫ് ഭൂമി കൈയ്യേറ്റം പരിഹരിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍, ഡിവിഷന്‍ ബെഞ്ച് ഈ വിധി റദ്ദാക്കി. കൂടാതെ കൈയ്യേറ്റക്കാരില്‍ നിന്നും നികുതി സ്വീകരിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഈ വിധിയെ ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.