മുനമ്പത്ത് വഖ്ഫ് ഭൂമിയില്‍ കരമടക്കാനുള്ള കോടതി അനുമതി പ്രതിഷേധാര്‍ഹം

Update: 2025-11-26 10:50 GMT

കൊച്ചി: മുനമ്പത്തെ വഖ്ഫ് ഭൂമിയില്‍ ഭൂനികുതി സ്വീകരിക്കാനുള്ള ഇടക്കാല കോടതി അനുമതി അത്യന്തം പ്രതിഷേധാര്‍ഹവും വഖ്ഫ് നിയമത്തിന് വിരുദ്ധവുമാണെന്ന് മുനമ്പം വഖ്ഫ് സംരക്ഷണ സമിതി. വഖ്ഫ് ബോര്‍ഡ് രേഖകളും മുന്‍കാല കോടതി വിധികളും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും വ്യക്തമാക്കുന്നത് മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖ്ഫ് സ്വത്താണ് എന്നതാണ്.

ഈ വഖ്ഫ് ഭൂമിയുടെ വലിയൊരുഭാഗത്ത് ബാറുകളും റിസോര്‍ട്ടുകളും, മറ്റ് വാണിജ്യ സ്ഥാപനങ്ങളും വര്‍ഷങ്ങളായി അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം കോടതി പരിഗണിച്ചില്ല. ഇത്തരത്തിലുള്ള വാണിജ്യ കൈയ്യേറ്റങ്ങള്‍ നിലനില്‍ക്കെ വഖ്ഫ് ഭൂമിയില്‍ കരമടക്കാന്‍ അനുവദിക്കുന്നത് കൈയ്യേറ്റത്തെ നിയമവല്‍ക്കരിക്കാന്‍ വഴിയൊരുക്കുന്നതും വഖ്ഫ് സ്വത്തിന്റെ അവകാശത്തെ ദോഷകരമായി ബാധിക്കുന്നതുമായ തെറ്റായ നടപടിയാണ്.

മുനമ്പത്ത് 610 കുടുംബങ്ങള്‍ താമസിക്കുന്നു എന്നത് യാഥാര്‍ത്ഥ്യവിരുദ്ധമാണ്. പ്രദേശത്ത് 200 ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണുള്ളത്. വ്യാജ കണക്കുകള്‍ പ്രചരിപ്പിച്ച് വാണിജ്യ കൈയ്യേറ്റങ്ങള്‍ മറയ്ക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണ്.

കോടതിയുടെ ഈ ഇടക്കാല വിധി, വഖ്ഫ് സ്വത്തുകളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മറ്റു കേസുകളെയും ദോഷകരമായി ബാധിക്കും. അതിനാല്‍, ഈ തീരുമാനത്തിനെതിരെ കേരള വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കണം. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.