മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങള്‍: ''പോലിസ് പിടികൂടിയത് കേസുമായി ബന്ധമില്ലാത്തവരെ, യഥാര്‍ത്ഥ കുറ്റവാളികള്‍ ഭീഷണിയായി തുടരുന്നു'': ബോംബെ ഹൈക്കോടതി
മുംബൈ: 189 പേര്‍ കൊല്ലപ്പെടുകയും 824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006ലെ മുംബൈ ട്രയ്ന്‍ സ്‌ഫോടനക്കേസുകളില്‍ പോലിസ് പിടികൂടിയത് കേസുമായി ബന്ധമില്ലാത്തവരെയെന്ന് ബോംബെ ഹൈക്കോടതി. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഭീഷണിയായി തുടരുകയാണെന്നും 671 പേജുള്ള വിധിയില്‍ കോടതി പറഞ്ഞു.
2006 ജൂലൈ 11നാണ് മുംബൈയിലെ വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ട്രയ്‌നുകളില്‍ ഏഴു സ്‌ഫോടനങ്ങള്‍ നടന്നത്. കേസില്‍ കമല്‍ അന്‍സാരി, മുഹമ്മദ് ഫൈസല്‍ അതാവുര്‍ റഹ്‌മാന്‍ ശെയ്ഖ്, ഇത്തിഷാം ഖുത്തുബ്ദീന്‍ സിദ്ദീഖി, നവീദ് ഹുസൈന്‍ ഖാന്‍, ആസിഫ്ഖാന്‍ എന്നിവരെ വധശിക്ഷയ്ക്കും തന്‍വീര്‍ അഹമദ് മുഹമ്മദ് ഇബ്രാഹിം അന്‍സാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ശെയ്ഖ് മുഹമ്മദ് അലി ആലം ശെയ്ഖ്, മുഹമ്മദ് സാജിദ് മര്‍ഗൂബ് അന്‍സാരി, മുസമ്മില്‍ അതാവുര്‍ റഹ്‌മാന്‍ ശെയ്ഖ്, സുഹൈല്‍ മഹ്‌മൂദ് ശെയ്ഖ്, സമീര്‍ അഹമദ് ലതിയൂര്‍ റഹ്‌മാന്‍ ശെയ്ഖ് എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഈ വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി എല്ലാവരെയും വെറുതെവിട്ടു. ഈ വിധിയിലാണ് കോടതി നിര്‍ണായകമായ കാര്യങ്ങള്‍ പറഞ്ഞത്.
''കുറ്റകൃത്യം നടത്തിയ യഥാര്‍ത്ഥ കുറ്റവാളിയെ ശിക്ഷിക്കുന്നത് കുറ്റകൃത്യങ്ങള്‍ തടയാനും നിയമവാഴ്ച ഉയര്‍ത്തിപിടിക്കാനും പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള മൂര്‍ത്തവും അനിവാര്യവുമായ നടപടിയാണ്. എന്നാല്‍, പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നെന്ന് അവതരിപ്പിച്ച് ഒരു കേസ് അവസാനിപ്പിക്കുന്നത് തെറ്റിധരിപ്പിക്കുന്ന പരിഹാര രീതിയാണ്. ഇത്തരത്തില്‍ വഞ്ചനാപരമായി കേസ് അവസാനിപ്പിക്കുന്നത് പൊതുജന വിശ്വാസത്തെ ദുര്‍ബലപ്പെടുത്താനും യഥാര്‍ത്ഥ ഭീഷണി തുടരാനും കാരണമാവുന്നു. ഈ കേസ് അതിന് ഒരു ഉദാഹരണമാണ്.''-കോടതി വിശദീകരിച്ചു.
പാകിസ്താന്‍ പൗരന്‍മാര്‍ അടക്കം 17 പേരാണ് കേസില്‍ പ്രതികളെന്നാണ് മഹാരാഷ്ട്ര ഭീകരസേന പറഞ്ഞിരുന്നത്. ഇതില്‍ 13 പേരെയാണ് വിചാരണ ചെയ്തത്. ഭീകരവിരുദ്ധ സേനയുടെ വാദങ്ങളെ മാത്രം ആശ്രയിച്ചാണ് വിചാരണക്കോടതി വലിയ ശിക്ഷകള്‍ വിധിച്ചത്. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ഒരാള്‍ 2021ല്‍ ജയിലില്‍ കഴിയവെ കോവിഡ് ബാധിച്ചു മരിച്ചു. അയാളെയും ഹൈക്കോടതി ഇന്ന് വെറുതെവിട്ടു.
വിധിയില്‍ എത്താന്‍ വിചാരണക്കോടതി സ്വീകരിച്ച വഴികളിലൂടെ ഹൈക്കോടതിയും സഞ്ചരിച്ചു. ഓരോ വാദങ്ങളും ഓരോ സാക്ഷി മൊഴികളും പ്രത്യേകം പരിശോധിച്ചു. പോലിസ് കൊണ്ടുവന്ന സാക്ഷികളുടെ മൊഴികള്‍ വിശ്വാസ്യയോഗ്യമല്ലെന്നും സ്‌ഫോടനമുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തു ഏതാണെന്ന് പറയാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡിയില്‍ ഇരിക്കെ കുറ്റാരോപിതര്‍ നല്‍കിയ കുറ്റസമ്മത മൊഴികളില്‍ സത്യമില്ലെന്നും പീഡിപ്പിച്ച് മൊഴി നല്‍കിപ്പിച്ചെന്ന പ്രതിഭാഗത്തിന്റെ വാദം സത്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
കുറ്റാരോപിതരുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയത് തെറ്റായ രീതിയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരിച്ചറിയല്‍ പരേഡ് നടത്താന്‍ അധികാരമില്ലാത്ത സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് ഓഫിസറാണ് അതിന് നേതൃത്വം നല്‍കിയിരുന്നത്.
ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്റ്റേഷനിലേക്ക് കുറ്റാരോപിതരെ കൊണ്ടുപോയ ടാക്‌സി ഡ്രൈവര്‍മാര്‍, കുറ്റാരോപിതര്‍ ട്രെയ്‌നുകളില്‍ ബോംബ് സ്ഥാപിക്കുന്നത് കണ്ടവര്‍, ബോംബ് കൂട്ടിയോജിപ്പിക്കുന്നത് കണ്ടവര്‍, ഗൂഡാലോചന കണ്ടവര്‍ എന്നിങ്ങനെ എട്ടു സാക്ഷികളെയാണ് പോലിസ് വിചാരണക്കോടതിയില്‍ ഹാജരാക്കിയിരുന്നത്. ഈ സാക്ഷികളുടെ മൊഴികള്‍ ഹൈക്കോടതി വിശദമായി പരിശോധിച്ചു.
രണ്ടു കുറ്റാരോപിതര്‍ ടാക്‌സിയില്‍ സഞ്ചരിച്ചതിന് ശേഷം, സ്‌ഫോടനം കഴിഞ്ഞ് 100ല്‍ അധികം ദിവസത്തിന് ശേഷമാണ് ഡ്രൈവര്‍മാര്‍ പോലിസിന് സാക്ഷിമൊഴി നല്‍കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത്രയും ദിവസത്തിന് ശേഷം കുറ്റാരോപിതരുടെ മുഖവും വിവരങ്ങളും ഓര്‍ക്കാന്‍ എന്തായിരുന്നു പ്രത്യേക കാരണം. ട്രെയ്‌നുകളില്‍ ബോംബ് സ്ഥാപിച്ചത് കണ്ടെന്നു പറയുന്നവരും വലിയ ഇടവേളയ്ക്ക് ശേഷമാണ് സാക്ഷിമൊഴി നല്‍കിയത്. ഒരു വീട്ടില്‍ പോയപ്പോള്‍ നിരവധി കുറ്റാരോപിതര്‍ ബോംബ് കൂട്ടിയോജിപ്പിക്കുന്നത് കണ്ടുവെന്ന് ഒരാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, താന്‍ വീട്ടില്‍ കയറിയില്ലെന്നാണ് വിസ്താരത്തില്‍ അയാള്‍ പറഞ്ഞത്. വീട്ടില്‍ ബോംബ് യോജിപ്പിക്കുന്ന കാര്യം മറ്റൊരാള്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു വിശദീകരണം.
'' അതിനാല്‍, ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗം സാക്ഷിയുടെ വാക്കാലുള്ള തെളിവുകള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചതിനാല്‍, ഈ കാരണത്താലും രേഖപ്പെടുത്തിയ മറ്റ് കാരണങ്ങളാലും, തെളിവുകള്‍ വിശ്വസിക്കാന്‍ കഴിയില്ല.''-ഹൈക്കോടതി പറഞ്ഞു. ഗൂഢാലോചനയ്ക്ക് സാക്ഷിയാണെന്ന് അവകാശപ്പെട്ട ഒരാളുടെ മൊഴിയില്‍, പ്രതികള്‍ രഹസ്യ യോഗങ്ങളില്‍ ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് പറഞ്ഞെങ്കിലും ചര്‍ച്ച ചെയ്ത വിഷയങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പറഞ്ഞത്. പ്രതിയുടെ രേഖാചിത്രങ്ങള്‍ വരയ്ക്കാന്‍ സഹായിച്ചെന്ന് പറയുന്ന സാക്ഷി വിചാരണയില്‍ വിസ്താരത്തിനെത്തിയില്ല. അതിനാല്‍ കോടതി മുറിയില്‍ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചില്ല.
''ആര്‍ഡിഎക്‌സ്, ഡിറ്റണേറ്ററുകള്‍, കുക്കറുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കൊളുത്തുകള്‍, മാപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തുവെന്ന് പറയുണ്ടെങ്കിലും അവ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് കൊണ്ടുപോവുന്നതിന് മുമ്പ് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തതിന്റെ കൃത്യമായ രേഖകളില്ല. അവ കൃത്യമായി സീല്‍ ചെയ്തിട്ടുമുണ്ടായിരുന്നില്ല. അതിനാല്‍ കണ്ടെടുക്കലുകള്‍ക്ക് പ്രാധാന്യമില്ല.''-കോടതി പറഞ്ഞു.
രണ്ട് കുറ്റാരോപിതരില്‍ നിന്ന് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ കണ്ടെടുത്തെന്ന പ്രോസിക്യൂഷന്റെ വാദത്തിന് പ്രാധാന്യമില്ലെന്നും കോടതി പറഞ്ഞു. ഈ കേസില്‍ ഉപയോഗിച്ച ബോംബുകളുടെ തരം സ്ഥാപിക്കുന്നതിലും തെളിവുകള്‍ രേഖപ്പെടുത്തുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാല്‍ ഈ സര്‍ക്യൂട്ട് ബോര്‍ഡുകള്‍ കൊണ്ട് ഗുണമില്ല.
കേസിലെ കുറ്റാരോപിതരുടെ കുറ്റസമ്മത മൊഴികള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പും പിമ്പും ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളില്‍ ക്രമക്കേടുകളുണ്ട്. കുറ്റസമ്മത മൊഴികളുടെ സത്യം തെളിയിക്കുന്ന മക്കോക്ക നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുമില്ല. കുറ്റസമ്മത മൊഴി നല്‍കാന്‍ കുറ്റാരോപിതരെ മര്‍ദ്ദിച്ചിരിക്കാനുള്ള സാധ്യതയാണ് കെഇഎം ആശുപത്രിയിലേയും ബാബ ആശുപത്രിയിലേയും ഡോക്ടര്‍മാരുടെയും മെഡിക്കല്‍ തെളിവുകള്‍ നല്‍കുന്നതെന്നും ഹൈക്കോടതി വിശദീകരിച്ചു. പതിനേഴ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് 12 മുസ്‌ലിം യുവാക്കള്‍ കുറ്റവിമോചിതരായിക്കുന്നത്.

