അയല്‍ക്കാരനെ കടിച്ച നായയുടെ ഉടമയ്ക്ക് നാലുമാസം കഠിന തടവ്

Update: 2025-05-29 03:30 GMT

മുംബൈ: അയല്‍ക്കാരനെ കടിച്ച വളര്‍ത്തുനായയുടെ ഉടമയെ നാലു മാസം കഠിന തടവിന് ശിക്ഷിച്ചു. വോര്‍ലി സ്വദേശിയായ റിഷബ് പട്ടേല്‍ എന്നയാളെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സുഹാസ് ഭോസ്‌ലെ ശിക്ഷിച്ചത്. റിഷബ് പട്ടേല്‍ 4,000 രൂപ പിഴയും ഒടുക്കണം. 2018 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതിക്കാരനായ രാമിക് ഷായും ഒന്നര വയസുകാരനായ മകനും ജോലിക്കാരനും ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ റിഷബ് പട്ടേല്‍ തന്റെ ഹസ്‌കി എന്ന നായയുമായി അകത്ത് കയറാന്‍ ശ്രമിച്ചു. മകന് നായ്ക്കളെ ഭയമാണെന്നും അതിനാല്‍ പുറത്ത് നില്‍ക്കാനും രാമിക് ഷാ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അത് കണക്കിലെടുക്കാതെ റിഷബ് ഹസ്‌കിയുമായി അകത്ത് കടക്കുകയും ഹസ്‌കി രാമിക് ഷായുടെ കൈയ്യില്‍ കടിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

കരുതിക്കൂട്ടി പരിക്കേല്‍ക്കിപ്പക്കല്‍, മൃഗത്തെ അശ്രദ്ധമായി കൊണ്ടുനടക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ പ്രതി ചെയ്‌തെന്ന് കോടതി നിരീക്ഷിച്ചു. ഹസ്‌കിയെ റിഷബ് പട്ടേല്‍ വലിച്ചിഴച്ചാണ് ലിഫ്റ്റിന് അകത്ത് കയറ്റിയതെന്നും കോടതി പറഞ്ഞു. സ്വന്തം വളര്‍ത്ത് മൃഗത്തോട് പോലും ക്രൂരമായി പെരുമാറുന്ന ആളാണ് റിഷബെന്നും കോടതി വിമര്‍ശിച്ചു. അതിനാലാണ് നാലുമാസം കഠിനതടവിന് ശിക്ഷിച്ചത്.