വിവേക് വിദ്യാലയ ജൂനിയര്‍ കോളജില്‍ ബുര്‍ഖ നിരോധിച്ചു; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

Update: 2025-12-03 08:59 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഗോറിഗാവിലെ വിവേക് വിദ്യാലയ ജൂനിയര്‍ കോളജ് വിദ്യാര്‍ഥികള്‍ കോളജില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ചു. വിദ്യാര്‍ഥികളെ കാണുമ്പോള്‍ മതപരമായ വ്യത്യാസം തോന്നാതിരിക്കാനാണ് നടപടിയെന്ന് കോളജ് അധികൃതര്‍ അവകാശപ്പെട്ടു. ഹിജാബും തട്ടവും അനുവദനീയമാണെന്നും അധികൃതര്‍ പറയുന്നു. ബുര്‍ഖ ധരിച്ച് കോളജിലെത്തിയ പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം അധികൃതര്‍ ഗെയ്റ്റില്‍ തടയുകയും ചെയ്തു. അതിനാല്‍ നിരവധി വിദ്യാര്‍ഥികള്‍ കോളജിലേക്ക് ബുര്‍ഖ ധരിച്ചു വന്നതിന് ശേഷം മറ്റു വസ്ത്രങ്ങളില്‍ അകത്ത് കയറുകയാണെന്ന് മിഡ് ഡേ പത്രം റിപോര്‍ട്ട് ചെയ്തു. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിരോധനം സീനിയര്‍ കോളജ് വിഭാഗത്തിന് ബാധകമല്ല. നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐഎംഐഎം നേതാവ് ജഹനാര ശെയ്ഖും വിദ്യാര്‍ഥികളും അധികൃതരെ കണ്ടു. പക്ഷേ, പ്രിന്‍സിപ്പല്‍ അന്തിമ തീരുമാനം പറഞ്ഞിട്ടില്ല.