മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങള്‍: ഭീകരവിരുദ്ധ സേനയുടെ പ്രഷര്‍ കുക്കര്‍ സിദ്ധാന്തം പൊളിഞ്ഞത് ഇങ്ങനെ
മുംബൈ: 187 പേര്‍ കൊല്ലപ്പെടുകയും 850ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങളില്‍ ഭീകരവിരുദ്ധ സേന നടത്തിയ കള്ളക്കളികള്‍ പുറത്തുവരുന്നു. കറുത്ത നിറത്തിലുള്ള റെക്‌സിന്‍ ബാഗില്‍ പൊതിഞ്ഞ പ്രഷര്‍ കുക്കര്‍ ബോംബുകള്‍ ട്രെയ്‌നിലെ ലഗേജ് റാക്കുകളില്‍ സ്ഥാപിച്ചുവെന്നായിരുന്നു ഭീകരവിരുദ്ധ സേന ആരോപിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മീര റോഡിന് സമീപത്തെ ഒരു ചതുപ്പില്‍ നിന്നും ചെളിയില്‍ പുതഞ്ഞ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടിരുന്നു. അതില്‍ നിന്ന് ഏഴ് റബ്ബര്‍ കുട്ടകളും അഞ്ച് കുക്കര്‍ വിസിലുകളും ഇലക്ട്രിക് കേബിളുകളും കണ്ടെത്തിയെന്നായിരുന്നു അവകാശവാദം. കൂടാതെ കാഞ്ചന്‍ എന്ന ബ്രാന്‍ഡിലെ അഞ്ച് ലിറ്ററിന്റെ പ്രഷര്‍ കുക്കറും ഉണ്ടെന്ന് അവകാശപ്പെട്ടു.
2006 മേയ് മാസത്തില്‍, കശ്മീരികള്‍ എന്നു തോന്നുന്ന ചിലര്‍ എട്ട് കുക്കറുകള്‍ വാങ്ങിയെന്ന് കടയുടമയായ മോഹന്‍ലാല്‍ കുമാവത് പോലിസിന് മൊഴിയും നല്‍കി. എന്നാല്‍, കണ്ടെടുത്തു എന്നു പറയുന്ന റബ്ബര്‍ കുട്ടകളും കുക്കര്‍ വിസിലുകളും കാഞ്ചന്‍ കമ്പനിയുടേത് അല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
''അഞ്ച് ലിറ്റര്‍ പ്രഷര്‍ കുക്കറിന് ഏകദേശം 41 സെന്റിമീറ്റര്‍ വ്യാസവും 20 സെന്റിമീറ്റര്‍ ഉയരവുമുണ്ടാവും. അതിനാല്‍ തന്നെ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഥാപിക്കാന്‍ സാധാരണ ബാഗ് മതിയാവും. ആ ബാഗ് കാണുന്നവര്‍ക്ക് അസ്വാഭാവികതയൊന്നും തോന്നില്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ അത് അസാധാരണമായ വലുപ്പമുള്ള ബാഗാവില്ല.''-ഹൈക്കോടതി പറഞ്ഞു. ട്രെയ്‌നില്‍ ബോംബ് വയ്ക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ, സ്‌ഫോടനം നടന്ന് 100 ദിവസം കഴിഞ്ഞ്, സുഭാഷ് കംലക്കാര്‍ നഗരേസ്‌കറിന് പ്രത്യേകം ഓര്‍ക്കാന്‍ വേണ്ട വലുപ്പമൊന്നും ബാഗിനുണ്ടാവില്ലെന്നും കോടതി പറഞ്ഞു.
കട ഉടമ മോഹന്‍ലാല്‍ കുമാവത് മൊഴി നല്‍കിയെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ അദ്ദേഹത്തെ ഉപയോഗിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതര്‍ ബോംബ് വയ്ക്കുന്നത് കണ്ടു എന്നു പറഞ്ഞ മറ്റു അഞ്ചു സാക്ഷികളെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. അവര്‍ക്ക് പകരം ടാക്‌സി ഡ്രൈവര്‍മാരായ സന്തോഷ് കേദാര്‍ സിങ്, രാജേഷ് സത്പുതെ എന്നിവരെയാണ് വിസ്തരിച്ചത്.
കുറ്റാരോപിതരായ ആസിഫ് ഖാന്‍ ബഷീര്‍ ഖാന്‍, മുഹമ്മദ് ഫൈസല്‍ അതാവുര്‍ റഹ്മാന്‍ എന്നിവരെ ചര്‍ച്ച് ഗേറ്റ് സ്റ്റേഷനില്‍ കൊണ്ടാക്കിയെന്നാണ് ഇരുവരും അവകാശപ്പെട്ടത്. പക്ഷേ, അവര്‍ ആദ്യമായി പോലിസിന് മൊഴി നല്‍കിയത് സ്‌ഫോടനം നടന്ന് നൂറു ദിവസത്തിന് ശേഷമായിരുന്നു. എന്താണ് യാത്രക്കാരെ ഓര്‍ക്കാന്‍ കാരണമെന്ന് വിശദീകരിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വിചാരണയില്‍ കഴിഞ്ഞുമില്ല. പ്രത്യേക കാരണമില്ലാതെ നിരവധി യാത്രക്കാരില്‍ ചിലരെ മാത്രം എന്തുകൊണ്ടാണ് ഓര്‍ക്കുന്നതെന്നും കോടതി ചോദിച്ചു. മീറ്റര്‍ അടിസ്ഥാനത്തില്‍ ചാര്‍ജ് നോക്കുന്നതിനാല്‍ പേശലും മറ്റു സംസാരവുമുണ്ടാവില്ല. കാറില്‍ കയറിയ ഒരാളെ ഒരാഴ്ച്ചയ്ക്ക് ശേഷം ഓര്‍ക്കാന്‍ അസാധ്യമാണെന്ന് ക്രോസ് വിസ്താരത്തില്‍ സന്തോഷ് കേദാര്‍ സിങ് പറയുകയുമുണ്ടായി.
ചിത്രം: ഹൈക്കോടതി വെറുതെവിട്ട ഇതേഷാം ഖുതുബ്ദീന്‍ സിദ്ദീഖി(മധ്യത്തില്‍)

