
സംഭല്‍: മുഹര്‍റം ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍. പുതിയ റൂട്ടുകളോ പരിപാടികളോ ആയുധപ്രദര്‍ശനമോ അനുവദിക്കില്ലെന്ന് യുപി ഡിജിപി ഉത്തരവിറക്കി. അതേസമയം, സംഭല്‍ ജില്ലയില്‍ 900 പേരെ കരുതല്‍ തടങ്കലില്‍ ആക്കിയതായി ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ പറഞ്ഞു. പൊതുസമാധാനം ഉറപ്പാക്കാനാണ് നടപടിയെന്ന് പെന്‍സിയ അവകാശപ്പെട്ടു.
''സംഘര്‍ഷം സൃഷ്ടിക്കാനോ സാമുദായിക ഐക്യം തകര്‍ക്കാനോ ശ്രമിക്കുന്ന ആരെയും സമാനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കും. പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അവരുടെ ജാമ്യ ബോണ്ടുകള്‍ കണ്ടുകെട്ടും''-പെന്‍സിയ പറഞ്ഞു. വ്യക്തിയുടെ പശ്ചാത്തലവും നിലവിലെ കേസുകളുടെ സ്വഭാവവും സംബന്ധിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ വിലയിരുത്തലിനെ ആശ്രയിച്ച് ഇത് ഒരു ലക്ഷം രൂപയോ, രണ്ട് ലക്ഷം രൂപയോ, മൂന്ന് ലക്ഷം രൂപയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപയോ ആകാമെന്നും അദ്ദേഹം വിശദീകരിച്ചു.