രാജ്യം നേരിടുന്നത് ആര്‍എസ്എസ് നേരിട്ട് ഭരണം നിയന്ത്രിക്കുന്നതിന്റെ ദുരന്തം: മുഹമ്മദ് ഷെഫി
കോഴിക്കോട്: 2014 വരെ മറയ്ക്കു പിന്നില്‍ നിന്നു നിയന്ത്രിച്ചിരുന്ന ആര്‍എസ്എസ് പിന്നീട് രാജ്യഭരണം നേരിട്ട് നിയന്ത്രിക്കുകയാണെന്നും അതിന്റെ ദുരന്തങ്ങളാണ് നാം അനുഭവിക്കുന്നതെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. 2020 ഓടെ നിയമനിര്‍മാണത്തിലുള്‍പ്പെടെ ഇടപെട്ട് അവരുടെ അജണ്ടകള്‍ കൃത്യമായി നടപ്പാക്കാന്‍ ശ്രമിച്ചെന്നും അതിന്റെ ഫലമാണ് ജനവിരുദ്ധമായ ഭീകരനിയമങ്ങളും ഭരണഘടനാ ഭേദഗതികളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനതയെ ഭയപ്പെടുത്തി ദുര്‍ബലമാക്കാനാണ് ശ്രമിക്കുന്നതെന്നും ജനത ഭയപ്പെട്ടാല്‍ രാജ്യം ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 25 വരെ എസ്ഡിപിഐ നടത്തുന്ന കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെ ഭരണത്തെ അനുസ്മരിപ്പിക്കും വിധമാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്. രാജ്യത്തെ നശിപ്പിക്കുന്ന ചിതലുകളാണ് ബിജെപി. രാജ്യത്തിന്റെ സാതന്ത്ര്യത്തിന് വേണ്ടി ഹിന്ദുത്വരുടെ ഒരു തുള്ളി രക്തം പോലും വീണിട്ടില്ല. ബിജെപിക്ക് ഭരണം ലഭിച്ചപ്പോള്‍ പാര്‍ലമെന്റില്‍ ചെങ്കോല്‍ വെയ്ക്കാനും ആര്‍എസ്എസ്സിനെ വെള്ളപൂശാനുമാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവരുടെ അജണ്ടയല്ല. ഒരു വിഭാഗം ജനങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്നു വെട്ടിമാറ്റുമ്പോള്‍ തന്നെ വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റി ജനാധിപത്യത്തെ പോലും കശാപ്പു ചെയ്യുകയാണ്. ഫാഷിസത്തിന്റെ എല്ലാ കുതന്ത്രങ്ങളും പരാജയപ്പെടുമെന്നും ഇന്ത്യന്‍ ജനത ശിരസ്സുയര്‍ത്തി ഭരണഘടനാ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ആവോളം ആഘോഷിക്കുന്ന നല്ല നാളെകള്‍ വിദൂരമല്ലെന്നും അതിനായി ജനാധിപത്യ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലേ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി ആര്‍ സിയാദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംസാരിച്ചു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ ഷെമീര്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍ സംബന്ധിച്ചു.
