കോഴിക്കോട്: ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്ന് എഴുതി ബുക്ക് വേം പ്രസിദ്ധീകരിച്ച 'എംറ്റി സ്‌പേസ്: ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകത്തിനെതിരെ എം ടി വാസുദേവന്‍ നായരുടെ കുടുംബം. പ്രമീള നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എംടിയുടെ മക്കളായ സിതാരയും അശ്വതി നായരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
''പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം ടി വാസുദേവന്‍ നായര്‍ എന്ന ഞങ്ങളുടെ അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആര്‍ജ്ജിക്കുന്ന 'കുപ്രസിദ്ധിയിലൂടെ' പുസ്തകം വിറ്റു പോവാനും രചയിതാക്കള്‍ക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്റെ ഭാഗമാണ്.''-പ്രസ്താവന പറയുന്നു.
പറഞ്ഞു കേട്ട അറിവുകള്‍ വെച്ചാണ് ഈ പുസ്തകം എഴുതിയിരിക്കുന്നതെന്ന് ആര്‍ക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമര്‍ശങ്ങളും എംടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് കാരണം മക്കള്‍ എന്ന നിലയില്‍ തങ്ങളും കുടുംബവും മനോവിഷമം അനുഭവിക്കുകയാണെന്നും സിതാരയും അശ്വതിയും പ്രസ്താവനയില്‍ പറഞ്ഞു.
പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുത്. ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ അര്‍ദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്ന് പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്‌കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു. എംടിയുടേയും ആദ്യ ഭാര്യയായ പ്രമീള നായരുടേയും മകളാണ് സിത്താര. രണ്ടാമത് വിവാഹം ചെയ്ത കലാമണ്ഡലം സരസ്വതിയില്‍ ജനിച്ച മകളാണ് അശ്വതി നായര്‍.
