മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാരം: ബൈക്കില്‍ മൂന്നുപേരുള്ളത് മാത്രം നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ കാരണമല്ല: ഹൈക്കോടതി
കൊച്ചി: മോട്ടോര്‍ സൈക്കിളില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരുണ്ടായതിനാല്‍ മാത്രം വാഹനാപകടത്തിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനാപകടത്തില്‍ നഷ്ടപരിഹാരം കുറച്ചാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ മരത്താക്കര സ്വദേശി ബിനീഷ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
03-09-2011ന് ശക്തന്‍ തമ്പുരാന്‍-കാട്ടൂക്കാരന്‍ റോഡിലാണ് അപകടം നടന്നത്. പുറകില്‍ രണ്ടുപേരെ ഇരുത്തി ബിനീഷ് ഓടിച്ചിരുന്ന ബൈക്കില്‍ ഒരു ജീപ്പ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരത്തെ കുറിച്ച് തൃശൂര്‍ കോടതിയില്‍ കേസ് നടന്നു. അപകടത്തില്‍ ബിനീഷിന് പങ്കുണ്ടെന്ന ധാരണയില്‍ കോടതി നഷ്ടപരിഹാരമായി 1,47840 രൂപ മാത്രമാണ് അനുവദിച്ചത്. ഇതിനെതിരെ ബിനീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. വാഹനാപകടത്തില്‍ ജീപ്പിനാണ് പങ്കെന്ന് പോലിസ് രേഖയുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ട് പിന്‍സീറ്റ് യാത്രക്കാരുള്ളതിന് അപകടവുമായി നേരിട്ടും അടുത്തതുമായ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സാധിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് നഷ്ടപരിഹാരത്തുക 2,39,840 രൂപയായി വര്‍ധിപ്പിച്ചു. ഇത് 7.5 ശതമാനം പലിശയടക്കമാണ് നല്‍കേണ്ടത്.